കു­ഴഞ്ഞു­ വീ­ണു­ള്ള മരണം; കാ­രണങ്ങളും മു­ൻ­കരു­തലു­കളും


കുഴഞ്ഞു വീണുള്ള മരണങ്ങൾ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രായ വ്യത്യാസമില്ലാതെ, യുവാക്കളും സ്ത്രീകളും കുട്ടികളും എല്ലാം ഇങ്ങനെ മരിക്കുന്നവരിലുണ്ട്. എങ്കിലും ഇത് കൂടുതൽ സംഭവിക്കുന്നത് 50 വയസ്സിനു മുകളിലുള്ളവരെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദയസ്‌തംഭനവും രക്തസമ്മർദവും മൂലവും തലച്ചോറിൽ രക്തം കട്ടപിടിച്ചുമാണ് ഇത്തരത്തിൽ പെട്ടെന്ന് മരണം സംഭവിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പലരെയും ഇത്തരം മരണങ്ങൾ‍ വല്ലാതെ ആശങ്കപ്പെടുത്തുന്നുമുണ്ട്. താപത്തളർച്ച വരുത്തും താപാഘാതം മൂലം വേനൽക്കാലത്ത് മുകളിൽ പറഞ്ഞ കാരണങ്ങൾ അല്ലാതെയും കുഴഞ്ഞു വീണുള്ള മരണങ്ങൾ കൂടാൻ ഇടയാക്കും. അതെങ്ങനെയെന്നു പരിശോധിക്കാം: 

ചൂട് പ്രധാനമായും 2 വിധത്തിലാണ് മനുഷ്യരെ ബാധിക്കുക. അധികമായി വിയർക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടു നിർജ്ജലീകരണം സംഭവിക്കാം. വിയർപ്പിലൂടെ ധാരാളം ലവണങ്ങൾ നഷ്ടപ്പെടും. പ്രത്യേകിച്ച് സോഡിയത്തിന്റെ അളവു കുറയും. താപത്തളർച്ച എന്ന ആദ്യ ഘട്ടത്തിൽ ക്ഷീണം, തളർച്ച, പേശി വലിവ് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. നിർജ്ജലീകരണവും ലവണ നഷ്ടവും പരിഹരിക്കാൻ ഉതകുന്ന പാനീയങ്ങൾ, പ്രത്യേകിച്ച് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം, സംഭാരം, ഇളനീർ എന്നിവ ധാരാളമായി കുടിക്കണം. ചൂട് കൂടിയ സാഹചര്യത്തിൽ നിന്നു മാറി നിൽക്കുക, വിശ്രമം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ താപത്തളർച്ച പരിഹരിക്കാം. ഇതെല്ലാം അവഗണിച്ചാൽ താപത്തളർച്ച മൂർച്ഛിച്ച് താപാഘാതം അഥവാ ഹീറ്റ് സ്ട്രോക്ക് എന്ന ഗുരുതരാവസ്ഥയുണ്ടാകും. ശരീരത്തിൽ താപനിയന്ത്രണ സംവിധാനം തകരാറിലാകുന്ന ഈ അവസ്ഥയിൽ തൊലിയിലേക്കുള്ള രക്തയോട്ടം നിലച്ച് വിയർക്കൽ പൂർണമായും ഇല്ലാതാകും. കടുത്ത പനി പോലെ ശരീര താപനില ഉയരും. നാഡിമിടിപ്പ് വർദ്ധിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണംവരെ സംഭവിക്കാം. ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിന് ലവണങ്ങൾ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാൽ ചൂട് മൂലമുള്ള ആഘാതം ഒരു പരിധിവരെ പരിഹരിക്കാം. നേരിട്ട് ഉച്ചവെയിൽ കൊള്ളുന്നതും കഠിനമായ അദ്ധ്വാനവും ഒഴിവാക്കണം. ഇടയ്ക്കെങ്കിലും ജനലുകൾ തുറന്നിടുന്നതു നല്ലതാണ്. സൂക്ഷിച്ചില്ലെങ്കിൽ രക്തത്തിൽ സോഡിയത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വഴിവയ്ക്കാം. ചൂട് മൂലമുള്ള നിർജ്ജലീകരണം രക്തസാന്ദ്രതയും ഹൃദയ ധമനികളിൽ ബ്ലോക്കുള്ളവരിൽ ഹൃദയാഘാത സാധ്യതയും വർദ്ധിപ്പിക്കുന്നതാണ് കുഴഞ്ഞ് വീണുള്ള മരണങ്ങൾക്ക് പ്രധാന കാരണം. 

 

വ്യായാമം: 30 മുതൽ 45 മിനുട്ട്് വരെ ദിവസേന നടന്നാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാം. ആയുർദൈർഘ്യം കൂട്ടാനും പ്രമേഹം, രക്താതിസമ്മർദം, പക്ഷാഘാതം ഇവ കുറയ്ക്കാനും സഹായിക്കും.

ഭക്ഷണം:  ഉപ്പും പഞ്ചസാരയും കൊഴുപ്പിന്റെ അംശവും പരമാവധി കുറയ്ക്കണം. അച്ചാറും ഉണക്കമീനും ഒഴിവാക്കുക. പച്ചക്കറികളും പഴവർഗ്ഗങ്ങളും കൂടുതൽ കഴിക്കുക.

You might also like

Most Viewed