എന്താണ് കൊറോണ?


നുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം വൈറസ്സുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. മനുഷ്യരിൽ ഇത് സാധാരണ ജലദോഷം ഉൾപ്പടെ ശ്വാസകോശ അണുബാധയ്ക്ക് ഇടയാക്കും. മുന്പ് നിരവധി പേരുടെ മരണത്തിന് കാരണമായ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) എന്നിവയ്ക്ക് കാരണമായതും കൊറോണ വൈറസ് തന്നെയാണ്. മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊ

ക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അൽപ്പം വ്യത്യസ്തമായ, ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വൈറസ്സാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും. കൊറോണ വൈറസ്സിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്. വുഹാൻ കൊറോണ വൈറസ്സിന്റെ ജനിതകഘടന എൺപത് ശതമാനം സാർസ് വൈറസ്സിനോട് സാമ്യതയുള്ളതാണെന്നാണ് റിപ്പോർട്ട്. എന്നാൽ മെർസ് വൈറസ്സിൽ നിന്നും വ്യത്യസ്തമാണ് താനും. 

കൊറോണ വൈറസ് സൂണോട്ടിക് വൈറസ്സുകളാണ്. അതായത്, ഇവ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത് എന്നർത്ഥം. മുന്പ് നടത്തിയ അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായത് സാർസിന് കാരണമായ വൈറസ് വവ്വാലിൽ നിന്നും സിവെറ്റ് ക്യാറ്റിലൂടെയാണ് മനുഷ്യരിലേക്കെത്തിയതെന്നാണ്. മെർസിലാകട്ടെ ഇത് വവ്വാലുകളിൽ നിന്ന് ഒട്ടകങ്ങളിലേക്കും അങ്ങനെ മനുഷ്യരിലേക്കുമാണ് വ്യാപിച്ചത്. മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസ്സിന് ജനിതകമാറ്റം ഉണ്ടായോ അല്ലെങ്കിൽ അവ മറ്റ് വൈറസ്സുകളുമായി ചേർന്നോ പുതിയ സ്ട്രെയിൻ (വിഭാഗം) വൈറസ്സുകൾ ഉണ്ടായി അവ മനുഷ്യരിലേക്ക് വ്യാപിച്ചതാകാം. എന്നാൽ ചൈനീസ് വുഹാൻ വൈറസ്സിന്റെ കാര്യത്തിൽ ഇവ വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാണോ അതോ അതിന് ഇടയിൽ മറ്റെന്തെങ്കിലും ജീവിവർഗ്ഗം ഉണ്ടായിരുന്നോ എന്നുമുള്ള കാര്യത്തിൽ വ്യക്തതയില്ല.  മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പുതിയ വൈറസ്സിന് അതിവേഗം പടരാൻ സാധിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവ് ഇപ്പോഴുണ്ട്. വൈറസ് ഒരു ശരീരത്തിൽ പ്രവേശിച്ചാൽ ആ ആതിഥേയ ശരീരത്തിലെ (വൈറസ് ബാധിച്ച വ്യക്തി) ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത് അതിന്റെ സ്വാഭാവിക ഉൽപ്പാദന സംവിധാനത്തെ ഉപയോഗിച്ച്, തന്റെ പ്രവർത്തനത്തിന് ആവശ്യമായ സകലതും ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടെന്ന് പെരുകിപ്പെരുകി വരികയാണ് ചെയ്യുന്നത്. ഈ ഇരട്ടിക്കൽ പ്രക്രിയയ്ക്കിടെ സംഭവിക്കുന്ന വളരെ ചെറിയ തകരാറുകളോ വ്യതിയാനങ്ങളോ ആണ് വൈറസ്സിന്റെ ജനിതകമാറ്റത്തിന് (മ്യൂട്ടേഷൻ) ഇടയാക്കുന്നതും അങ്ങനെ പുതിയ സ്ട്രെയിനിലുള്ള വൈറസ്സുകൾ രൂപമെടുക്കുന്നതും.        ഇങ്ങനെ രൂപമെടുത്ത പുതിയ ജനിതകഘടനയുള്ള വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്പോഴാണ് അത് നോവൽ വൈറസ് എന്ന് അറിയപ്പെടുന്നതും അതിന് ചികിത്സ ഇല്ലാത്ത സാഹചര്യമുണ്ടാകുന്നതും. പുതിയ വുഹാൻ കൊറോണ വൈറസ് അതിന്റെ ഇൻക്യൂബേഷൻ പിരിയഡ് ആയ 14 ദിവസത്തിനുള്ളിൽ തന്നെ പടരുന്നുണ്ടെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്. കൃത്യമായ ചികിത്സ ഇല്ലാത്തതിനാൽ തന്നെ മുൻകരുതലുകളാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗം. രോഗലക്ഷണങ്ങൾ കുറയ്ക്കാനുള്ള സപ്പോർട്ടീവ് ചികിത്സയാണ് നിലവിൽ രോഗികൾക്ക് നൽകുന്നത്.

article-image

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. കൈകൾ 20 സെക്കൻഡ് സമയമെടുത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ നന്നായി കഴുകുക.

 

രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിക്കുക.

 

രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുജന സന്പർക്കം ഒഴിവാക്കുക.

 

രോഗബാധിത മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.

 

മത്സ്യ−മാംസാദികൾ നന്നായി പാകം ചെയ്തു മാത്രം കഴിക്കുക.

 

രോഗലക്ഷണങ്ങൾ ഉള്ളവ‍ർ സ്വയ ചികിത്സ നടത്താതെ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക

article-image

രോഗ പ്രതിരോധത്തിനായി 

മാസ്കുകൾ എങ്ങനെ ധരിക്കണം

 

മാസ്ക് ധരിക്കുന്പോൾ മൂക്കിനു മുകളിലും താടിക്ക് താഴ്ഭാഗത്തും എത്തുന്ന തരത്തിൽ ആദ്യം മുകൾ ഭാഗത്തെ കെട്ടും (ചെവിക്കു മുകളിൽ) രണ്ടാമത് താഴ്ഭാഗത്തെ (ചെവിക്കു താഴെ കൂടി കഴുത്തിന് പുറകിൽ) കെട്ടും ഇടുക. മിക്കവാറും മാസ്കുകളിൽ നിറമുള്ള ഭാഗം പുറത്തേക്കും വെളുത്ത നിറത്തിലുള്ള ഭാഗം മുഖത്തോടും ചേർന്നിരിക്കുന്ന രീതിയിലുള്ളതാകും. ഇത് ശ്രദ്ധിച്ച് വേണം മാസ്ക് ധരിക്കാൻ. മാസ്ക് ധരിച്ച ശേഷം മാസ്കിന്റെ മുൻവശങ്ങളിൽ തൊടരുത്. മാസ്ക് ധരിച്ച ശേഷം മൂക്കിനു മുകളിൽ വരുന്ന ഭാഗം ചേർത്ത് വയ്ക്കണം.

നനവ് ഉണ്ടായാലോ, മാസ്ക് വൃത്തിഹീനമായെന്ന് തോന്നിയാലോ ഉടൻ തന്നെ അത് മാറ്റണം. ഒരു കാരണവശാലും മാസ്ക് കഴുത്തിലേക്ക് താഴ്ത്തുകയോ മൂക്കിനു താഴെ വച്ച് കെട്ടുകയോ ചെയ്യരുത്. മാസ്ക് ധരിച്ചു തുടങ്ങുന്നതിനു മുന്പ് തന്നെ അതിന് കേടുപാടുകൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തണം.

 

അഴിച്ചു മാറ്റുന്പോൾ

 

മാസ്ക് അഴിച്ചു മാറ്റുന്പോൾ ആദ്യം താഴ്ഭാഗത്ത് കെട്ടും പിന്നീട് മുകൾ ഭാഗത്തെ കെട്ടും അഴിച്ച ശേഷം മാസ്കിന്റെ മുൻവശത്ത് സ്പർശിക്കാതെയും നമ്മുടെ ശരീരത്തിൽ സ്പർശിക്കാതെയും സൂക്ഷിക്കുക. ഉപയോഗിച്ച മാസ്ക് കത്തിച്ചു കളയുകയോ ബ്ലീച്ചിംഗ് ലായനിയിൽ ഇട്ടു അണുവിമുക്തമാക്കി കുഴിച്ചു മൂടുകയോ ചെയ്യുക. മാസ്ക് ധരിക്കുന്നതിനു മുന്പും, മാസ്ക് അഴിച്ചു മാറ്റിയ ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

You might also like

Most Viewed