എന്താണ് പക്ഷിപ്പനി:ശ്രദ്ധിക്കേണ്ടതെല്ലാം


പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യരിലേയ്ക്ക് പകരാന്‍ കഴിയും വിധം വൈറസിനു രൂപഭേദം സംഭവിക്കാം. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാര പക്ഷികള്‍ എന്നിവയുമായി അടുത്തിടപഴകുന്നവര്‍ക്ക് രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തുപക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍ , വെറ്ററിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവന്‍ പക്ഷികളേയും ശാസ്ത്രീയമായി കൊന്ന് സംസ്‌കരിക്കണം. മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങള്‍ നടപ്പിലാക്കുക. കൈയുറകള്‍, മാസ്‌കുകള്‍, ഗോഗിളുകള്‍, ഏപ്രണുകള്‍, ഷൂ, കവറുകള്‍, തൊപ്പി തുടങ്ങിയ ഉപയോഗിച്ച് സുരക്ഷിതരായ പരിശീലനം നല്‍കിയ മൃഗസംരക്ഷണവകുപ്പ് ജീവനക്കാര്‍ ഇത്തരം കാര്യം ചെയ്യും. തുടര്‍ന്ന് പക്ഷികളുടെ ജഡം കത്തിച്ചുകളയുകയോ ആഴത്തില്‍ കുഴിയെടുത്ത് മൂടുകയോ ആണ് ചെയ്യുക. പക്ഷികളെ കൊല്ലുന്നതും സംസ്‌കരിക്കുന്നതുമായ പ്രക്രിയകളില്‍ ഏര്‍പ്പെടുന്നവര്‍ രോഗം പകരാതിരിക്കാനുള്ള പ്രതിരോധ മരുന്നായ ഓസാള്‍ട്ടാമിവിര്‍ നിത്യേന കഴിക്കണം. ഇവരുടെ ആരോഗ്യപരിശോധന ആരോഗ്യവകുപ്പ് വഴി നിത്യേന നടത്തണം. രോഗനിയന്ത്രണത്തിന്‍റെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കിയ ഒരു കിലോമീറ്റര്‍ ചുറ്റളവിലും അതിന് പുറത്തുള്ള ഒന്‍പത് കിലോമീറ്റര്‍ ചുറ്റളവിലും മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്നുണ്ടോയെന്നറിയാനുള്ള രോഗ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും നടത്തും. ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കും ആശ വളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയശേഷം വീടുകള്‍ സന്ദര്‍ശിച്ച് പനിയുള്ളവരെ കണ്ടെത്തുകയും അവരില്‍ ശ്വാസകോശ രോഗ ലക്ഷണങ്ങളോടു കൂടിയ പനിയുള്ളവരെയും രോഗം ബാധിച്ച പക്ഷികളുമായി ഇടപഴികയവരേയും ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് വിധേയരാക്കേണ്ടതാണ്. രോഗബാധയുണ്ടായ പ്രദേശത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ 10 ദിവസത്തോളം പനിയുള്ളവരെ നിരീക്ഷിക്കേണ്ട പ്രക്രിയ തുടരണം. സംശയാസ്പദമായ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിലെ സ്രവം പരിശോധിച്ച് മനുഷ്യരിലേക്ക് രോഗം പകരുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. 

You might also like

Most Viewed