നിങ്ങളിൽ മഗ്നീഷ്യത്തിന്റെ കുറവുണ്ടോ?


ശരീരത്തിന്‍റെ പല പ്രവർ‍ത്തനങ്ങൾ‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് മഗ്നീഷ്യം. ശരീരത്തിൽ‍ മഗ്നീഷ്യം കുറഞ്ഞാൽ‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. മാനസികാരോഗ്യത്തിനും  മഗ്നീഷ്യം ആവശ്യമാണെന്നാണ് പഠനങ്ങൾ‍ പറയുന്നത്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മർ‍ദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തിൽ‍ മഗ്നീഷ്യം വേണ്ട അളവിൽ‍ ലഭിച്ചില്ലെങ്കിൽ‍ ശരീരം ചില ലക്ഷണങ്ങൾ‍ കാണിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

 എപ്പോഴും ക്ഷീണവും തളർ‍ച്ചയും ഉണ്ടാകുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാണ്. ശരീരത്തിൽ‍ മഗ്നീഷ്യം വേണ്ട അളവിൽ‍ ലഭിച്ചില്ലെങ്കിലും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ‍ കാണിക്കാം. ഈ സമയത്ത് ശരീരത്തിൽ‍ എനർ‍ജി ലെവൽ‍ വളരെ കുറഞ്ഞ അളവിൽ‍ ആയിരിക്കും. 

 തലവേദന, ഛർ‍ദ്ദി എന്നിവയും ചിലപ്പോൾ‍ മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. മഗ്നീഷ്യത്തിന്‍റെ കുറവ് മൂലവും മൈഗ്രെയ്ൻ ഉണ്ടാകാമെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

 ശരീരത്തിൽ‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഉണ്ടാകാം. 

 പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത എന്നിവ വർദ്ധിപ്പിക്കുന്നു. 

 ശരീരത്തിൽ‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മർ‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. മേൽ‍ പറഞ്ഞ ലക്ഷണങ്ങളിൽ‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് ശരീരത്തിൽ‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറവാണെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങൾ‍ ഉള്ളവർ‍ ഒരു ഡോക്ടറുടെ നിർ‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്. 

ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം നമുടെ ശരീരത്തിലെത്തുന്നത്. അതിനാൽ‍ മഗ്നീഷ്യം ഏറെ അടങ്ങിയ ഭക്ഷണവസ്തുക്കൾ ഡയറ്റിൽ‍ ഉൾ‍പ്പെടുത്താം. മത്തങ്ങക്കുരു, എള്ള്, ഏത്തപ്പഴം, അണ്ടിപ്പരിപ്പ് പോലുള്ള നട്സ്, ചീര, മറ്റ് ഇലക്കറികൾ, ഫ്ളക്സ് സീഡ്, പയർ‍വർ‍ഗങ്ങൾ‍, ഡാർ‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

You might also like

Most Viewed