കൊവിഡ് വാക്സിൻ ഡ്രൈ റൺ എങ്ങനെ?

വാക്സിൻ വിതരണത്തിൻ്റെ മുന്നൊരുക്കങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് ഡ്രൈറണ്ണിൻ്റെ ലക്ഷ്യം. വാക്സിൻ കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ കാര്യങ്ങളും വാക്സിൻ വിതരണ കേന്ദ്രത്തിൽ വെച്ചു തന്നെ ആവിഷ്കരിക്കുന്നതാണ് ഡ്രൈ റൺ. വാക്സിൻ വിതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് രാജ്യവ്യാപകമായി ഡ്രൈ റൺ നടത്തുന്നത്. വാക്സിൻ വിതരണത്തിൻ്റെ ഭാഗമായ നടപടികളിൽ കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളുമാണ് ഡ്രൈ റണ്ണിൽ ആവിഷ്കരിക്കുക. റീജിയണൽ കേന്ദ്രത്തിലെ ഫ്രീസർ യൂണിറ്റിലും ഫ്രിഡ്ജുകളിലും സൂക്ഷിച്ചിരിക്കുന്ന വാക്സിൻ ഐസ് പാക്കുകൾ നിറച്ചിരിക്കുന്ന പെട്ടികളിലേയ്ക്ക് മാറ്റും. ഇവ വാഹനങ്ങളിൽ കയറ്റി വിതരണ കേന്ദ്രങ്ങളിൽ എത്തിക്കും.
വാക്സിൻ കേടാകാതിരിക്കാൻ എട്ട് ഡിഗ്രി സെൽഷ്യസിനു താഴെയുള്ള ഊഷ്മാവിലാണ് സൂക്ഷിക്കേണ്ടത്. ആശുപത്രികളിൽ വാക്സിൻ എത്തിച്ച ശേഷം അവ അവിടെ തയ്യാറാക്കിയിട്ടുള്ള കോൾഡ് ബോക്സുകളിലേയ്ക്ക് മാറ്റും. ഇവിടെ വെച്ചാണ് വാക്സിൻ വിതരണം. ഡ്രൈ റണ്ണിൻ്റെ ഭാഗമായി ആരോഗ്യപ്രവർത്തകർക്കാണ് പ്രതീകാത്മകമായി വാക്സിൻ നൽകുന്നത്. ഇവരെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുത്തിയ ശേഷം ഓരോരുത്തരെയായി വിളിച്ച് പേരും മറ്റു വിവരങ്ങളും ചോദിച്ചറിയുകയും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ വെച്ച് വാക്സിനേഷൻ. ഇതിനു ശേഷം ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ അര മണിക്കൂർ നിരീക്ഷിച്ച ശേഷം പറഞ്ഞയയ്ക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകുക.