തെരേസ മേയ്ക്കെതിരെ കൺസർവേറ്റീവ് പാർട്ടിയിൽ പടയൊരുക്കം


ലണ്ടൻ : ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ കൺസർവേറ്റീവ് പാർട്ടിയിൽ പടയൊരുക്കം. തിരഞ്ഞടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഗ്രെൻഫെൽ ടവർ ദുരന്തം കൈകാര്യ ചെയ്യുന്നതിലും വീഴ്ചപറ്റിയത്തിൽ പാർട്ടിയിലെ ജൂനിയർ എംപിമാരാണു പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാജ്ഞിയുടെ പ്രസംഗത്തിന്മേലുള്ള വോട്ടെടുപ്പിൽ സർക്കാരിനെതിരെ വോട്ടുചെയ്യുമെന്നാണു നാൽപതിലേറെ ജൂനിയർ എംപിമാരുടെ ഭീഷണി.

പാർട്ടിയിൽ വേണ്ടവിധം ചർച്ചചെയ്യാതെ രാഷ്ട്രീയ ഉപദേശകരുടെ നിർദേശം മാത്രം പരിഗണിച്ചാണു തെരേസ മേ പൊടുന്നനെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. തിരഞ്ഞടുപ്പു പ്രകടനപത്രിക തയാറാക്കുന്നതിലും ടെലിവിഷൻ ചർച്ചകളിൽനിന്നും മാറിനിന്നുള്ള പ്രചാരണ പരിപാടികൾ തീരുമാനിച്ചതുമെല്ലാം ഉപദേശകരുടെ നിർദേശപ്രകാരമായിരുന്നു. ഇതെല്ലാം പാളി, മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന സർക്കാർ ന്യൂനപക്ഷ സർക്കാരായി മാറി.

സർക്കാരിന്റെ നയപ്രഖ്യാപനം കൂടിയായ രാജ്ഞിയുടെ പ്രസംഗത്തിൽ അടുത്ത അഞ്ചുവർഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാംതന്നെ പ്രതിപാദിക്കേണ്ടതുണ്ട്. ഇതു നിശ്ചയിച്ച്, അടുത്ത ബുധനാഴ്ചയ്ക്കു മുമ്പ് രാജ്ഞിയുടെ പ്രസംഗം തയാറാക്കണം. ഇതിന് പ്രാഥമീക നടപടികൾ പോലും സ്വീകരിക്കാൻ കഴിയാത്തതാണ് എംപിമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ രണ്ടു ഭീകരാക്രമണങ്ങളും ഗ്രെൻഫെൽ ടവർ ദുരന്തം കൈകാര്യം ചെയ്തതിൽ തെരേസ മേയുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും പാർട്ടി ഗൗരവമായാണു കാണുന്നത്. ദുരന്തസ്ഥലത്തെത്തിയ പ്രധാനമന്ത്രി ദുരന്തത്തിനിരയായവരെ കാണാൻപോലും കൂട്ടാക്കാതെ സ്ഥലംവിട്ടതു വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കാര്യങ്ങൾ നേരെയാക്കാൻ പത്തുദിവസത്തെ സാവകാശം എംപിമാർ പ്രധാനമന്ത്രിക്കു നൽകിയിട്ടുണ്ട്. ‘ഒന്നുകിൽ കാര്യങ്ങൾ നേരെയാക്കി നന്നായി ഭരിക്കുക, അല്ലെങ്കിൽ സ്ഥാനമൊഴിഞ്ഞ് പാർട്ടി നേതൃത്വം മറ്റാർക്കെങ്കിലും കൈമാറുക’ ഇതാണ് എംപിമാർ മുന്നോട്ടുവയ്ക്കുന്ന നിർദേശം. ഈമാസം 28നാണ് രാജ്ഞിയുടെ പ്രസംഗം. പ്രസംഗത്തിന്മേൽ പിറ്റേന്നോ രണ്ടുദിവസത്തിനുള്ളിലോ വോട്ടെടുപ്പ് നടക്കും. അതിനുമുമ്പ് കാര്യങ്ങൾ വരുതിയിലാക്കിയില്ലങ്കിൽ തെരേസ മേയ്ക്ക് കസേര നഷ്ടമായേക്കും.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed