പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം ഉപരോധമല്ലെന്ന് ചൈന


ബെയ്ജിങ് : ഉത്തര കൊറിയയ്ക്കുമേല്‍ ഉപരോധങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗമതല്ലെന്നും ചൈന. ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ കൂടിക്കാഴ്ച നടത്തി. ഉപരോധത്തിനു ചുക്കാന്‍പിടിക്കുന്ന യുഎസ് അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നല്‍കി.

ഉത്തരകൊറിയന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന ഉപരോധങ്ങള്‍ക്കാണു കഴിഞ്ഞദിവസം യുഎന്‍ അനുമതി നല്‍കിയത്. ആണവ പരീക്ഷണങ്ങളില്‍നിന്നു ഉത്തരകൊറിയയെ പിന്തിരിപ്പിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്ന യുഎസ് നിലപാട് അംഗീകരിക്കപ്പെടുകയായിരുന്നു. കല്‍ക്കരി, ഇരുമ്പ്, ഇരുമ്പയിര്, മല്‍സ്യവിഭവങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി പൂര്‍ണമായും തടഞ്ഞു. ഉത്തര കൊറിയന്‍ തൊഴിലാളികൾക്ക് ജോലി നൽകുന്നതിനും ആ രാജ്യവുമായി സംയുക്തസംരഭങ്ങള്‍ തുടങ്ങുന്നത്തിനും യുഎന്‍ അംഗരാജ്യങ്ങള്‍ക്കു വിലക്കുണ്ട്.

ഉപരോധങ്ങളെ പിന്തുണച്ചെങ്കിലും പൂര്‍ണയോജിപ്പില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ചൈനയുടെ പ്രതികരണം. ഉപരോധങ്ങളല്ല, ഉത്തര കൊറിയയെ നിയന്ത്രിക്കാനുള്ള ഏകമാര്‍ഗമെന്നു ചൈനിസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

എന്നാൽ നിലപാടുകളില്‍നിന്നു പിന്നോട്ടില്ലെന്ന് ഉത്തര കൊറിയയും വ്യക്തമാക്കി. സങ്കല്‍പ്പിക്കാനാവാത്ത തിരിച്ചടിയാണ് യുഎസിനെ കാത്തിരിക്കുന്നതെന്ന് ഔദ്യോഗിക ദിനപത്രത്തിലെ ലേഖനത്തിലൂടെ പ്യോങ്യാങ് മുന്നറിയിപ്പു നല്‍കി.

You might also like

Most Viewed