ഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്കൻ സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ


വാഷിങ്ടൻ : യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കൻ സൈനിക താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. കൊറിയയെ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ ഭീഷണിക്കാണ് ഉത്തരകൊറിയ മറുപടി നൽകിയിരിക്കുന്നത്. മധ്യദൂര ഹ്വസോങ്–12 മിസൈൽ പ്രയോഗിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നൽകി. ഭരണത്തലവൻ കിം ജോങ് ഉൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തര കൊറിയൻ വാർത്താ ഏജൻസി വ്യക്തമാക്കി.

യുഎസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഉത്തരകൊറിയൻ സൈനിക വക്താവും പറഞ്ഞു. മിസൈൽ ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. കൊറിയയെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ അമേരിക്ക ആക്രമണത്തിന് തയാറെടുക്കുകയാണ്. ഇതുണ്ടായാല്‍ അമേരിക്കയ്ക്കെതിരെ സര്‍വശക്തിയും ഉപയോഗിച്ച് യുദ്ധം ചെയ്യുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പുനല്‍കി.

മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീതിനോടാണ് ഉത്തരകൊറിയയുടെ പ്രതികരണം. ഉത്തരകൊറിയ യുദ്ധഭീഷണിയും ആയുധപരീക്ഷണങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ താക്കീത്.

You might also like

Most Viewed