ജനാ­ധി­പത്യത്തെ­ സംരക്ഷി­ക്കാൻ ജനം മു­ന്നി­ട്ടി­റങ്ങണമെ­ന്ന്­ ഷരീ­ഫ്


ഇസ്ലാമാബാദ് : ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇസ്ലാമബാദിൽനിന്നു ലാഹോറിലേക്ക് നടത്തുന്ന വാഹന റാലിക്കു റാവൽപിണ്ടിയിൽ നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്ന് പ്രധാനമന്ത്രി പദം ഒഴിയേണ്ടിവന്ന ഷരീഫ് തന്‍റെയും പാർട്ടിയുടെയും ശക്തി തെളിയിക്കാനാണു സ്വദേശമായ ലാഹോറിലേക്കു റാലി നയിക്കുന്നത്. 

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജനാധിപത്യവിരുദ്ധ രീതിയിൽ പുറത്താക്കുന്നതിന് അവസാനമുണ്ടാക്കണം. 70 വർഷത്തെ പാകിസ്ഥാന്‍റെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ല. ചിലരെ കൊന്നു, ചിലരെ വിലങ്ങുവച്ചു ജയിലിൽ അടച്ചു, ചിലരെ നാടുകടത്തി. ജനങ്ങൾ മുന്നോട്ടു വന്നില്ലെങ്കിൽ ഇത് വീണ്ടും ആവർത്തിക്കുമെന്ന് ഷെരീഫ് പറഞ്ഞു. 

അതേസമയം, റാവൽപിണ്ടിയിലെ സ്വീകരണത്തിൽ ജനപങ്കാളിത്തം കുറവായിരുന്നു. ഇതിൽ അസ്വസ്ഥനായ ഷെരീഫ് അടുത്ത സ്വീകണങ്ങളിൽ ആളുകൂടാൻ വേണ്ടകാര്യങ്ങൾ ചെയ്യണമെന്നു പാർട്ടി നേതാക്കൾക്കു നിർദേശം നല്കി.

അതേസമയം നവാസ് ഷരീഫിന്‍റെ വാഹന റാലിയെ അഴിമതിരക്ഷാ റാലിയെന്നു വിളിച്ചാക്ഷേപിച്ച് പാകിസ്ഥാനിലെ പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാൻ. ക്രിക്കറ്റ് കളി തോൽക്കുന്പോൾ അന്പയറിനെയും പിച്ചിനെയും കാലാവസ്ഥയെയും കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്ന് മുൻ ക്രിക്കറ്റർ കൂടിയായ ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. 

ഷരീഫിന്‍റെ ന്യായീകരണ വാദങ്ങൾ ജനം അംഗീകരിക്കില്ല. വെടിയുണ്ടയേൽക്കാത്ത കാറിലിരുന്നുകൊണ്ടുള്ള ഷരീഫിന്‍റെ പ്രസംഗം ജനം കേൾക്കില്ല. മരണത്തെ പേടിക്കുന്നയാൾ ജനകീയ റാലികൾ നടത്താൻ പോകരുതെന്നും −ഇമ്രാൻ കൂട്ടിച്ചേർത്തു.

You might also like

Most Viewed