ഉത്തര കൊ­റി­യൻ അതി­ർ­ത്തി­യിൽ വീ­ണ്ടും ബോംബർ വി­മാ­നങ്ങൾ പറത്തി­ യു­.എസ്


ന്യൂയോർക്ക് : ഉത്തര കൊറിയൻ അതിർത്തിയിൽ ബോംബർ വിമാനങ്ങൾ പറത്തി കിം ജോങ് ഉന്നിനു ശക്തമായ താക്കീതുമായി യുഎസ്. യുഎസ് വ്യോമസേനയുടെ ബി1ബി പോർവിമാനങ്ങളാണു ഉത്തര കൊറിയയെ ഭയപ്പെടുത്താനായി യു.എസ് ഉപയോഗിച്ചത്. ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി ചേർന്നായിരുന്നു യു.എസിന്റെ സൈനിക പ്രകടനം. 

യു.എസ് ബോംബർ വിമാനങ്ങൾ ആദ്യമായാണു ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റർ വിമാനങ്ങളുമായി ചേർന്നു സൈനിക പരിശീലനം നടത്തുന്നത്.  ദക്ഷിണ കൊറിയയുടെ എഫ്15കെ ഫൈറ്ററുകൾ‌ പരിശീലനപ്പറക്കലിൽ പങ്കെടുത്തതായി അവരുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

ദക്ഷിണ കൊറിയയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച യു.എസ് പോർവിമാനങ്ങൾ, കിഴക്കൻ തീരത്ത് എയർ ടു ഗ്രൗണ്ട് മിസൈലുകൾ തൊടുത്ത് പരിശീലനവും നടത്തി. ജപ്പാനും ദക്ഷിണ കൊറിയയുമായി കൈകോർത്ത് ഇത്തരത്തിലുള്ള ആദ്യ സൈനിക പരിശീലനമാണു നടന്നതെന്നു യു.എസ് സേന പുറത്തിറക്കിയ പ്രസ്താനവനയിൽ ചൂണ്ടിക്കാട്ടി. 

 യു.എസിന്റെ ഗുവാം ദ്വീപിലെ ആൻഡേഴ്സൺ വ്യോമസേനാ താവളത്തിൽനിന്നാണു ബോംബർ വിമാനങ്ങൾ ദൗത്യത്തിനായി പറന്നുയർന്നത്. ആഗസ്റ്റിൽ ഗുവാമിനെ മിസൈൽ ഉപയോഗിച്ചു തക‍ർക്കുമെന്ന ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി യാണ് യു.എസിന്റെ സൈനിക നടപടി.    യു.എസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോർമുനയുള്ള മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു യു.എസ് ബോംബറുകൾ ഉത്തര കൊറിയൻ അതിർത്തിയിൽ എത്തിയത്. പ്രകോപനങ്ങൾ തുടരുന്ന ഉത്തര കൊറിയയ്ക്കെതിരെ സൈനിക നടപടിയെടുത്തേക്കുമെന്നു കഴിഞ്ഞദിവസം യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പരോക്ഷ സൂചന നൽകിയിരുന്നു. 

ഭരണകൂടവും പ്രസിഡണ്ടുമാരും 25 വർഷമായി ഉത്തരകൊറിയയോട് ചർച്ച നടത്തുന്നു. പലതവണ കരാറുകൾ ഒപ്പുവച്ചു. ധാരാളം പണം നൽകി. അതൊന്നും നടപ്പായിട്ടില്ല. കരാറുകൾ മഷിയുണങ്ങുന്നതിനു മുന്പ് ലംഘിക്കപ്പെട്ടു. യു.എസിന്റെ മധ്യസ്ഥന്മാരെ വിഡ്ഢികളാ ക്കുകയായിരുന്നു അവർ. മാപ്പ്, ഇനി ഒരു കാര്യം മാത്രമാണ് നടക്കുക, ഇങ്ങനെയാണ് ട്രംപ് പറഞ്ഞത്.

You might also like

Most Viewed