25,000 കോ­ടി­ ഡോ­ളറി­ന്റെ­ യു­.എസ്-ചൈ­ന കരാ­ർ


ബെയ്ജിംഗ് : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗും ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ 25,000 കോടി ഡോളറിന്‍റെ (16.25 ലക്ഷം കോടി രൂപ) കരാറുകൾ പ്രഖ്യാപിച്ചു. ഏഷ്യാ പര്യടനത്തിന്‍റെ ഭാഗമായി ജപ്പാനും ദക്ഷിണകൊറിയയും സന്ദർശിച്ചിട്ടാണ് ട്രംപ് ബുധനാഴ്ച ബെയ്ജിംഗിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ അസന്തുലിതത്വം കണക്കിലെടുക്കുന്പോൾ ഈ സംഖ്യ വളരെ ചെറുതാണെന്ന് ട്രംപിനൊപ്പമുള്ള േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. ബാങ്കിംഗ്, ഇൻഷുറൻസ്, ഫിനാൻസ് മേഖലകളിലെ വിദേശനിക്ഷേപത്തിനു കടന്പകൾ ലഘൂകരിക്കുമെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

വ്യാപാര വിഷയത്തിലും ഉത്തരകൊറിയൻ വിഷയത്തിലും ചൈനയോടു മൃദുസമീപനമാണ് ഡോണൾഡ് ട്രംപ് സ്വീകരിച്ചത്. ഈ വിഷയങ്ങളിൽ മുന്പ് പലവട്ടം അദ്ദേഹം ചൈനയ്ക്കെതിരെ ശബ്ദമുയർത്തിയിട്ടുള്ളതാണ്. ട്രംപ് ചൈനയെയും ഷി ജിൻപിംഗിനെയും പ്രശംസകൊണ്ടു മൂടി ഞെട്ടിക്കുകയും ചെയ്തു.

ആണവ, മിസൈൽ പരീക്ഷണങ്ങളുമായി വെല്ലുവിളി ഉയർത്തുന്ന ഉത്തരകൊറിയയെ എങ്ങനെ മെരുക്കാമെന്നതായിരുന്നു ഷി−ട്രംപ് ചർച്ചയിൽ മുഴച്ചു നിന്ന വിഷയം. ഉത്തരകൊറിയൻ പ്രശ്നം ചൈനയ്ക്ക് വളരെ വേഗം അനായാസം പരിഹരിക്കാൻ കഴിയുമെന്നും അതിനായി ഷി കഠിനാധ്വാനം ചെയ്യാൻ തയ്യാറാകണമെന്നും ട്രംപ് പറഞ്ഞു. ഉത്തര കൊറിയയ്ക്കെതിരായ യു.എൻ ഉപരോധങ്ങൾ പൂർണമായി നടപ്പാക്കുന്നതിന് ഒരുമിച്ചു നടത്തുന്ന പ്രവർത്തനം ഇരു രാജ്യങ്ങളും തുടരുമെന്ന് ഷി പറഞ്ഞു. 

ഉത്തരകൊറിയൻ വിഷയത്തിൽ ചൈനയ്ക്കു വാചകമടി മാത്രമാണുള്ളതെന്നും പ്രവർത്തനങ്ങളില്ലെന്നും ട്രംപ് മുന്പു വിമർശിച്ചിട്ടുള്ളതാണ്. ബെയ്ജിംഗ് സന്ദർശിക്കുന്നതിനു മുന്പും അദ്ദേഹം, ഉത്തരകൊറിയയോടുള്ള നിലപാട് കടുപ്പിക്കാൻ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. 

ചൈനീസ് ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ്, വ്യാപാര മേഖലയിൽ ചൈന നേടുന്ന മുന്നേറ്റങ്ങളെയും പ്രശംസിച്ചു. സ്വന്തം പൗരന്മാരുടെ ക്ഷേമത്തിനായി ഒരു രാജ്യം മറ്റൊരു രാജ്യത്തിന്‍റെ സാഹചര്യങ്ങൾ മുതലെടുക്കുന്നതിൽ തനിക്കാരെയും കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈനയെ അക്കാര്യത്തിൽ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു. 

You might also like

Most Viewed