കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് ദക്ഷിണകൊറിയൻ പ്രസിഡണ്ട്

സോൾ : ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജെ ഇൻ വ്യക്തമാക്കി. രണ്ട് വർഷത്തിന് ശേഷം നടന്ന നയതന്ത്ര കൂടിക്കാഴ്ച വിജയമായതിന് പിന്നാലെയാണ് ദക്ഷിണ കൊറിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങിൽ നടക്കുന്ന ശീതകാല ഒളിന്പിക്സിന് അത്ലറ്റുകളെ അയയ്ക്കാൻ ഉത്തരകൊറിയ സമ്മതം മൂളിയതിനു പിന്നാലെയാണു കൂടുതൽ അനുനയനീക്കം.
ആണവ പദ്ധതികളടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ ചർച്ചക്ക് തയ്യാറാണെന്ന് മൂൺ പുതുവത്സര പത്രസമ്മേളനത്തിൽ അറിയിച്ചു. കൊറിയൻ ഉപഭൂഖണ്ധത്തെ ആണവ വിമുക്തമാക്കലിനാണ് ചർച്ചകളിൽ മുഖ്യപരിഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
ഇരു കൊറിയകളും അടിയന്തരമായി പുനരേകീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ആണവ നിരായുധീകരണം എന്ന അടിസ്ഥാന കാര്യത്തിൽ നിന്ന് പിറകിലേക്ക് പോകാൻ തങ്ങൾ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാന്മുഞ്ചോമിലേത് ഒരു തുടക്കം മാത്രമാണെന്ന് മുൺ പറഞ്ഞു. ഉത്തരകൊറിയയെ ആണവ നിരായുധീകരണ പാതയിലേക്ക് എത്തിക്കുകയാണ് അടുത്ത ലക്ഷ്യം.ഏതു സമയത്തും ഉച്ചകോടിക്കു സന്നദ്ധമാണെന്നാണ് കിം ഉറപ്പു നൽകിയിരിക്കുന്നത്.