ട്രംപ് മാ­ഫി­യ­ തലവനെ­പ്പോ­ലെ­ : ജയിംസ് കോ­മി­


വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് മാഫിയാ തലവനെപ്പോലെയാണെന്ന് മുൻ എഫ്.ബി.ഐ ഡയറക്ടർ ജയിംസ് കോമി അഭിപ്രായപ്പെട്ടു. ‘എ ഹയർ ലോയൽറ്റി: ട്രൂത്ത്, ലൈസ് ആൻഡ് ലീഡർഷിപ്’ എന്ന പുസ്തകത്തിലാണ് ‌‌ജയിംസ് കോമി ട്രംപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പൂർണ വിധേയത്വമാണ് ട്രംപ് തന്‍റെ ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യപ്പെടുന്നത്. ലോകം മുഴുവൻ തനിക്കെതിരാണെന്ന് അദ്ദേഹം കരുതുന്നു. എല്ലാക്കാര്യത്തിലും അദ്ദേഹം പറയുന്നത് നുണയാണെന്നും കോമി തന്‍റെ പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു. 

പുസ്തകം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.  ട്രംപിന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിന് റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിൽ അന്വേഷണവുമായി മുന്നോട്ടു പോയതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ കോമിയെ എഫ്.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്നു ട്രംപ് പുറത്താക്കുകയായിരുന്നു. ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷി ട്രംപിനില്ലെന്നാണ്കോമി അഭിപ്രായപ്പെടുന്നത്. അഹംബോധത്തിലൂന്നിയാണ് ട്രംപ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. 

കോമിയുടെ പുസ്തകം വൈറ്റ്ഹൗസിന്‍റെ പ്രതിച്ഛായയ്ക്ക് കൂടുതൽ മങ്ങലേൽപ്പിക്കുമെന്നാണ് വിലയിരുത്തൽ. കോമി രഹസ്യവിവരങ്ങൾ ചോർത്തുകയാണെന്നും ഇതിന് വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് പ്രതികരിച്ചു.

You might also like

Most Viewed