ഇറ്റാ­ലി­യൻ സംവി­ധാ­യകൻ വി­റ്റോ­റി­യോ­ തവി­യാ­നി­ അന്തരി­ച്ചു­


റോം : വിഖ്യാത ഇറ്റാലിയൻ സംവിധായക സഹോദരന്മാരിലെ മൂത്ത സഹോദരൻ വിറ്റോറിയോ തവിയാനി (88) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി കഴിയുകയായിരുന്നു. വിറ്റോറിയോയും ഇളയ സഹോദരൻ പൗലോയും ചേർന്ന് അര നൂറ്റാണ്ടുകാലമാണ് ചലച്ചിത്രരംഗത്ത് സജീവമായിരുന്നത്. യുദ്ധാനന്തരമുള്ള ഇറ്റാലിയൻ സിനിമയിലെ ഏറ്റവും മികച്ച പല സൃഷ്ടികളും ഇവരുടേതാണ്. 1977ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ പാദ്രെപാദ്രോണാണ് ഇതിൽ പ്രധാനം.

സീസർ മസ്റ്റ് ഡൈ എന്ന ഇവരുടെ ഡോക്യു ഡ്രാമ 2012ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ ഗോൾഡൺ ബേർ പുരസ്കാരം സ്വന്തമാക്കിയിരുന്നു. 2015ൽ പുറത്തിറങ്ങിയ വണ്ടറസ് ബൊക്കാഷ്യോയാണ് ഇവർ ഒന്നിച്ച് ഒരുക്കിയ അവസാന ചിത്രം. ക്ലാസിക് കൃതികൾക്കാണ് ഇവർ കൂടുതലായും ചലച്ചിത്ര ഭാഷ്യം ഒരുക്കിയത്. 

1929ൽ ടുസാനിയിൽ ജനിച്ച വിറ്റോറിയോ ഒരു പത്രപ്രവർത്തകനായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സഹോദരനൊപ്പം സൈന്യത്തിൽ ചേർന്നു. ഡോക്യുമെന്ററികൾ നിർമ്മിച്ചുകൊണ്ടായിരുന്നു സർഗ പ്രവർത്തനം തുടങ്ങിയത്. പിന്നീട് സിനിമാരംഗത്തെത്തി. ഉൻ ഉവോമൊ ഡാ ബ്രൂസിയേർ എന്ന ചിത്രത്തിലൂടെ 1962ലാണ് സഹോദരങ്ങൾ ആദ്യമായി ഒന്നിച്ചത്. 1967ൽ പുറത്തിറങ്ങിയ ഐ സോവെർസിവിയാണ് ഇരുവരും ചേർന്ന് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

 ഒന്നിച്ചു മാത്രമാണ് ഇവരും അവസാന കാലം വരെ സിനിമയെടുത്തത്. ഓരോ സീനുകളും മാറി മാറി സംവിധാനം ചെയ്യുകയായിരുന്നു ഇവരുടെ പതിവ്. ഇറ്റാലിയൻ ഗോൾഡൺ ഗ്ലോബ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

You might also like

Most Viewed