കാ­ബൂൾ ചാ­വേർ ആക്രമണം : ഉത്തരവാ­ദി­ത്വം ഐ.എസ് ഏറ്റെ­ടു­ത്തു­


കാ­ബൂൾ : പടിഞ്ഞാറൻ കാബൂളിൽ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിനു വെളിയിൽ ചാവേർ നടത്തിയ സ്‌ഫോടനത്തിൽ 57 പേർ മരിക്കുകയും 112 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.

ഒക്‌ടോബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന തിരഞ്ഞെടുപ്പിനായി രാജ്യത്ത് മൊത്തം ഏഴായിരം വോട്ടർ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാബൂളിലെ ദസ്ത് ഇ ബാർചി മേഖലയിലെ രജിസ്ട്രേഷൻ സെന്‍ററിലാണ് ഇന്നലെ രാവിലെ ചാവേർ ഭടൻ ആക്രമണം നടത്തിയത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഐഡന്‍റിറ്റി കാർഡ് വാങ്ങാൻ ക്യൂ നിന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.

സ്‌ഫോടനത്തെത്തുടർന്നു സമീപത്തുണ്ടായിരുന്ന കാറുകൾ കത്തിനശിച്ചു. കെട്ടിടങ്ങളുടെ ജനാലച്ചില്ലുകൾ തകർന്നു. ജനുവരിയിൽ ആംബുലൻസിൽ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടി നൂറുപേർ മരിച്ചശേഷം കാബൂളിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്. തിരഞ്ഞെടുപ്പു പ്രക്രിയ തടസപ്പെടുത്താൻ ഭീകരർ ശ്രമം നടത്തുമെന്ന മുന്നറിയിപ്പുണ്ടായിട്ടും വേണ്ടത്ര സുരക്ഷ ഉറപ്പാക്കാൻ അധികൃതർക്കു കഴിഞ്ഞില്ല. കാബൂൾ ആക്രമണത്തെ യു.എന്നിന്‍റെ മുതിർന്ന ഉദ്യോഗസ്ഥൻ തടാമിച്ചി യമാമോട്ടോ അപലപിച്ചു. 

കാബൂളിലെ ചാവേർ ആക്രമണത്തിനു രണ്ട് മണിക്കൂർ ശേഷം വടക്കൻ നഗരമായ പുൽ ഇ ഖുമ്രിയിലെ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിലുണ്ടായ മറ്റൊരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

അതേസമയം കാബൂൾ ആക്രമണത്തെ അപലപിച്ച പ്രസിഡണ്ട് ഗനി ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്താൻ ഭീകരർക്കു കഴി‍‍‍‍യില്ലെന്നു പ്രസ്താവിച്ചു. ഭീകരർക്ക് എതിരെയുള്ള പോരാട്ടത്തിൽ അഫ്ഗാൻ സർക്കാരിന് എല്ലാ പിന്തുണയും തുടർന്നും നൽകുമെന്നു നാറ്റോ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻബർഗ് ഉറപ്പു നൽകി.

കാബൂളിലുണ്ടായ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കിരാതവും ഭീരുത്വം നിറഞ്ഞ ആക്രമണത്തെ അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിനു വെളിയിലുണ്ടായ ആക്രമണം നിരപരാധികളായ പൗരന്മാരെ ആക്രമിക്കുന്നതിനു മാത്രമല്ല, അഫ്ഗാൻ ജനതയുടെ ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവുമാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. 

You might also like

Most Viewed