കിം ജോംഗ് ഉന്നും മൂൺ ജെ­ ഇന്നും കൂടിക്കാഴ്ച നടത്തി


സോൾ : ഇരുകൊറിയകളും തമ്മിലുള്ള പതിറ്റാണ്ടുകൾ‍ നീണ്ട വൈര്യം ഇനി ചരിത്രത്തിലേയ്ക്കെന്ന സൂചനകൾ‍ നൽ‍കി, ഉത്തര കൊറിയൻ ഭരണാധികാരി  കിം ജോംഗ് ഉൻ അതിർത്തി കടന്ന് ഇന്ന് ദക്ഷിണ കൊറിയയിൽ എത്തി. സമാധാന ചർച്ചകൾക്ക് വേണ്ടി എത്തിയ ഉന്നിനെ  സ്വീകരിക്കാനായി  ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജെ ഇൻ നേരിട്ടെത്തി. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാംഗിൽനിന്ന് കാറിലാണ് കിം ജോംഗ് ഉൻ  എത്തിയത്. 

പാരന്പര്യം വിളിച്ചോതുന്ന വേഷവിധാനത്തിൽ അണിനിരന്നും പരന്പരാഗത സംഗീതത്താൽ അകന്പടിയൊരുക്കിയുമാണ് കിമ്മിനെ സ്വീകരിച്ചത്. ഇരുകൊറിയകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന  സൈനികരഹിത മേഖലയായ പൻമുൻജോംഗിലാണ്  ഇരുരാഷ്ട്രത്തലവന്മാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. സമാധാനത്തിന്റെ പുതിയ  ചരിത്രം ഇവിടെ തുടങ്ങുകയാണ് എന്നാണ് പൻമുൻജോംഗിലെ സന്ദർശക ഡയറിയിൽ കിം ജോംഗ് ഉൻ കുറിച്ചത്. പരസ്പരം കൈ കൊടുത്തും, വട്ടമേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ചകൾ നടത്തിയും, ഫോട്ടോയ്ക്ക് പോസ് ചെയ്തും കിമ്മും മൂണും തങ്ങൾക്കിടയിലെ വൈരം മറന്ന കാഴ്ച ലോകം ഇന്ന് കണ്ടു. 

സമാധാന ചർ‍ച്ചയ്ക്കൊടുവിൽ കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാവും. ആണവ നിരായുധീകരണം സംയുക്ത ലക്ഷ്യമാക്കാനും തീരുമാനമായി. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പിരിഞ്ഞുപോയ കുടുംബങ്ങളെ ഒരുമിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്. 1950ൽ ആരംഭിച്ച കൊറിയൻ യുദ്ധം 1953ൽ അവസാനിപ്പിച്ചെങ്കിലും സാങ്കേതികമായി ഇന്നും ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവെച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഔദ്യോഗികമായി കഴിഞ്ഞ 65 വർ‍ഷങ്ങളും യുദ്ധാവസ്ഥയായി തന്നെയാണ് കണക്കാക്കി വന്നത്. 

You might also like

Most Viewed