ജർമനി ആരുടേയും നിയന്ത്രണത്തിലല്ല : ചാൻസലർ ആംഗല മെർക്കൽ

ബെർലിൻ : ജർമനി ആരുടെയും നിയന്ത്രണത്തിലല്ലെന്നും സ്വതന്ത്രമായ തീരുമാനം എടുക്കാൻ ശേഷിയുണ്ടെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ. നാറ്റോ ഉച്ചകോടിക്കായി ബ്രസൽസിലെത്തിയ അമേരിക്കൻ പ്രസിഡണ്ടായ ട്രംപ് ജർമനിക്ക് എതിരെ നടത്തിയ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അവർ. പ്രഭാത ഭക്ഷണവേളയിൽ സെക്രട്ടറി ജനറൽ സ്റ്റോൾട്ടൻബർഗുമായി നടത്തിയ സംഭാഷണത്തിലാണ് ജർമനിക്ക് എതിരെ ട്രംപ് ആഞ്ഞടിച്ചത്. ജർമനിയെ റഷ്യൻ കരങ്ങളിൽ നിന്നു രക്ഷിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ആ അവസരത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് റഷ്യയിൽ നിന്ന് കൂടുതൽ ഇന്ധനം വാങ്ങാനുള്ള നീക്കത്തിലാണു ജർമനി. ഇതു ശരിയല്ല. ജർമനി റഷ്യയുടെ അടിമയാണെന്നും അവരുടെ നിയന്ത്രണത്തിലായെന്നും ട്രംപ് ആരോപണം ഉന്നയിക്കുന്നു.
റഷ്യയുടെ കുത്തക ഒഴിവാക്കി അമേരിക്കയിൽ നിന്നു ദ്രവീകൃത പ്രകൃതി വാതകം വാങ്ങാൻ ജർമനിയെ പ്രേരിപ്പിക്കുകയാണു ട്രംപിന്റെ ലക്ഷ്യമെന്നു കരുതപ്പെടുന്നു.
ഏകാധിപത്യ രാജ്യങ്ങളോട് എങ്ങനെ പെരുമാറണമെന്നു തനിക്ക് അറിയാമെന്നും സോവിയേറ്റ് അധീനതയിലുള്ള കിഴക്കൻ ജർമനിയിലാണ് താൻ വളർന്നതെന്നും മെർക്കൽ പ്രതികരിച്ചു. ജർമനി വാഷിംഗ്ടന്റെയോ മോസ്കോയുടെ തടവിലല്ലെന്നായിരുന്നു ജർമൻ വിദേശമന്ത്രി ഹെയ്കോ മാസിന്റെ പ്രതികരണം. നാറ്റോ അംഗമായ ജർമനി അടുത്ത ദശകത്തിൽ പ്രതിരോധത്തിനായി കൂടുതൽ തുക ചെലവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.