ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയായ ഇന്ത്യൻ വംശജ മുങ്ങിമരിച്ചു

ജക്കാർത്ത : ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയായ ഇന്ത്യൻ വംശജ ഇന്തോനേഷ്യയിലെ ബീച്ചിൽ നീന്തുന്നതിനിടെ മുങ്ങി മരിച്ചു. ലോകബാങ്കിലെ സീനിയർ ഹെൽത്ത് എക്കണോമിസ്റ്റ് ആകാൻഷ പാണ്ധെ (37) ആണ് മരിച്ചത്. അമേരിക്കൻ പൗരത്വം നേടിയ ആകാൻഷ സിംഗപ്പൂരിലാണ് താമസിച്ചിരുന്നത്.
ബാലിയിലെ ഡബിൾ സിക്സ് ഹോട്ടലിന് മുന്നിലെ ബീച്ചിലാണ് സംഭവം. നീന്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ബീച്ചാണ് ഇത്. നീന്താൻ ഇറങ്ങുന്നതിനിടെ ശക്തമായ തിരയിൽ പെടുകയായിരുന്നു.
ബീച്ചിലെ ലൈഫ് ഗാർഡ് ഇവരെ തിരയിൽ നിന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവർക്ക് കടലിൽ നീന്തരുതെന്ന് രണ്ടുവട്ടം മുന്നറിയിപ്പ് നൽകിയിരുന്നതായി ലൈഫ് ഗാർഡ് അധികൃതർ പറഞ്ഞു.