തന്നെ വധിക്കാൻ റോ പദ്ധതിയിട്ടെന്നുള്ള ആരോപണം അടിസ്ഥാനരഹിതമെന്നു സിരിസേന


കൊളംബോ : ഇന്ത്യൻ ചാരസംഘടന റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), തന്നെ വധിക്കാൻ പദ്ധതിയിട്ടതായുള്ള ആരോപണം അടിസ്ഥാനരഹിതമെന്നു ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ഇക്കാര്യം താനുമായി സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചു. റോ തന്നെ വധിക്കാൻ ശ്രമിച്ചെന്നും, ഇതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിവുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പ്രതിവാര മന്ത്രിസഭായോഗത്തിൽ പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ വാർത്ത സത്യമല്ലെന്ന് ശ്രീലങ്കൻ സർക്കാരും പ്രസ്താവനയിറക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയ്ക്കു ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഡൽഹി സന്ദർശിക്കാനിരിക്കെയാണ് ഉഭയകക്ഷിബന്ധം ഉലയ്ക്കുന്നതരത്തിൽ ആരോപണങ്ങൾ ഉയർന്നത്. കഴിഞ്ഞമാസമാണു അഴിമതിവിരുദ്ധ പ്രവർത്തകനായ നമൽ കുമാര, സിരിസേനയെയും ലങ്കയുടെ പ്രതിരോധ സെക്രട്ടറി ഗോതബയ രാജപക്ഷെയെയും വധിക്കാനുള്ള പദ്ധതിയെപ്പറ്റി തനിക്കറിയാമെന്ന് അവകാശപ്പെട്ട് പ്രസ്താവന നടത്തിയത്. കുമാരയെ സിഐഡി ചോദ്യം ചെയ്തു.

ഇതിന് പിന്നാലെ മലയാളിയായ എം. തോമസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യവും നിഷേധിച്ചുകൊണ്ട് ശ്രീലങ്കൻ ഭരണകൂടം പ്രസ്താവനയിറക്കി. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മാധ്യമ മന്ത്രി മംഗള സമരവീര വ്യക്തമാക്കി.

You might also like

Most Viewed