ബിസിനസിന് അനുകൂല സാഹചര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് 77-ാം സ്ഥാനം


വാഷിങ്ടൻ : ബിസിനസിന് അനുകൂല സാഹചര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് വൻ കുതിപ്പ്. ലോക ബാങ്കിന്റെ പട്ടികയിൽ കഴിഞ്ഞ വർഷം നൂറാം സ്ഥാനത്തായിരുന്ന രാജ്യം ഈ വർഷം 77-ാം സ്ഥാനത്തേക്ക് ഉയർന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

സംരംഭങ്ങൾ തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച 10 മാനദണ്ഡങ്ങളിൽ ആറിലും ഇന്ത്യ പുരോഗതി നേടിയെന്നു റിപ്പോർട്ടിൽ പറയുന്നു. സംരംഭകത്തുടക്കം, നിർമാണ അനുമതി, വൈദ്യുതി ലഭ്യത. വായ്പാ ലഭ്യത, അതിർത്തി കടന്നുള്ള വ്യാപാരം, കരാർ വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിലാണു നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. വ്യവസായ വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്ന കാര്യത്തിലും വസ്തുവകകളുടെ റജിസ്ട്രേഷനിലും ഇന്ത്യ ഇപ്പോഴും പിന്നിലാണെന്നു റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ വർഷത്തേക്കാൾ 23 സ്ഥാനങ്ങൾ ഉയർന്നാണ് 77ൽ എത്തിയത്. ന്യൂസീലൻഡ് ഒന്നാമതുള്ള പട്ടികയിൽ സിംഗപ്പൂർ, ഡെൻമാർക്ക്, ഹോങ്കോങ് എന്നിവരാണ് തൊട്ടു പിന്നിൽ. യുഎസ് എട്ടാമതും ചൈന 46-ാം സ്ഥാനത്തും പാക്കിസ്ഥാൻ 136-ാം സ്ഥാനത്തുമാണ്. റിപ്പോർട്ട് പ്രകാരം, ഏറ്റവും പുരോഗതി നേടിയ 10 പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.

2 വർഷംകൊണ്ട് 53 സ്ഥാനം കയറിയെന്നത് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ലോക ബാങ്ക് വ്യക്തമാക്കി. ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള 50 രാജ്യങ്ങളിൽ ഒന്നാകണമെന്നത് കടുപ്പമാണെങ്കിലും അപ്രാപ്യമല്ലെന്നും ലോക ബാങ്ക് വക്താക്കാൾ പറഞ്ഞു.

You might also like

Most Viewed