ഇന്തൊനീഷ്യൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി


ജക്കാര്‍ത്ത : ഇന്തൊനീഷ്യയില്‍ കടലില്‍ തകര്‍ന്നു വീണു 189 പേരുടെ മരണത്തിനിടയാക്കിയ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. കടലിന്റെ അടിത്തട്ടില്‍നിന്നാണു ബ്ലാക്ക് ബോക്‌സ് കിട്ടിയതെന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കോക്ക്‌പിറ്റ് വോയ്‌സ് റിക്കോർഡറാണോ ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറാണോ ലഭിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്കുള്ളില്‍ അപകടം സംഭവിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സില്‍നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കടല്‍ പ്രക്ഷുബ്ധമായിരിക്കുന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കടലിനടിയിലുള്ള വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ശരീരാഭാഗങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്.

തിങ്കളാഴ്ച പങ്കാല്‍ പിനാങ്ങിലേക്കു പുറപ്പെട്ട ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനമാണ് കടലില്‍ തകര്‍ന്നു വീണത്. ഡല്‍ഹി സ്വദേശി ഭവ്യെ സുനേജയായിരുന്നു ക്യാപ്റ്റന്‍. പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കകം വിമാനം തിരികെ ഇറക്കണമെന്നു പൈലറ്റിന്റെ സന്ദേശം ലഭിച്ചിരുന്നു. അനുമതി നല്‍കിയെങ്കിലും പിന്നാലെ വിമാനവുമായുള്ള ബന്ധമറ്റു. തുടര്‍ന്നു ജക്കാര്‍ത്തയുടെ കിഴക്കന്‍ തീരമായ കരാവാങ്ങിനു സമീപം ജാവാ കടലില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

You might also like

Most Viewed