കനേഡിയൻ നയതന്ത്ര പ്രതിനിധികൾക്ക് നേരെ 'രഹസ്യ ആയുധ’ ആക്രമണം


ഒട്ടാവ : കനേഡിയൻ നയതന്ത്ര പ്രതിനിധികൾക്ക് നേരെ ക്യൂബയിൽ ‘രഹസ്യ ആയുധ’ ആക്രമണം. ഹവാനയിലെ കനേഡിയൻ സ്ഥാനപതി കാര്യാലയത്തിലെ ജീവനക്കാരിൽ ഒരാൾക്കു കൂടി മസ്തിഷ്കത്തെ ബാധിക്കുന്ന അജ്ഞാത രോഗാവസ്ഥ സ്ഥിരീകരിച്ചു. ‘ബ്രെയിൻ ട്രോമ’യെന്നാണു വിശേഷിപ്പിക്കുന്നതെങ്കിലും ഇതിലേക്കു നയിച്ചത് എന്തു തരത്തിലുള്ള ആക്രമണമാണെന്നത് ഇപ്പോഴും അജ്ഞാതമാണ്.

മസ്തിഷ്ക കോശങ്ങൾക്ക് നാശം വരുത്തുംവിധം ശക്തമായ തരംഗങ്ങളാണ് നയതന്ത്രജ്ഞർക്കു നേരെ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ ക്യൂബയുമായുള്ള നയതന്ത്ര ബന്ധത്തിൽ പുനരാലോചനയ്ക്ക് ഒരുങ്ങുകയാണു കാനഡ. 2016ലാണ് ആദ്യമായി ഇത്തരത്തിലൊരു ആക്രമണം യുഎസ്–കനേഡിയൻ നയതന്ത്ര പ്രതിനിധികൾക്കു നേരെയുണ്ടാകുന്നത്. 2017 ഫെബ്രുവരിയിൽ മാത്രം 24 യുഎസ് നയതന്ത്ര പ്രതിനിധികളെയും കുടുംബാംഗങ്ങളെയുമാണ് അജ്ഞാത രോഗം ബാധിച്ചത്.

ഛർദ്ദി, തലകറക്കം, കേൾവിക്കുറവ് തുടങ്ങി എല്ലാവർക്കും ഒരേ രോഗലക്ഷണമായിരുന്നുവെന്നതു സംഭവത്തിന്റെ ദുരൂഹത കൂട്ടി. എന്നാൽ ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന ക്യൂബക്കാർക്കോ അവിടെയെത്തുന്ന അമേരിക്കൻ ടൂറിസ്റ്റുകൾക്കോ യാതൊരു കുഴപ്പവുമുണ്ടായില്ല. തുടർന്ന് ജാഗ്രതയോടെ പരിശോധിച്ചപ്പോഴാണ് രാത്രികളിൽ അസാധാരണമായ വിധം ശബ്ദതരംഗങ്ങൾ വരുന്നതിനെപ്പറ്റി നയതന്ത്രജ്ഞർ റിപ്പോർട്ട് ചെയ്തത്. ഈ ശബ്ദവീചികൾ റെക്കോർഡും ചെയ്തു. അൾട്രാഫ്രീക്വൻസി തരംഗങ്ങളായിരുന്നു എല്ലാം.

You might also like

Most Viewed