ബംഗ്ലാദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു


ധാക്ക: ബംഗ്ലാദേശ് പാർലമെന്റിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു.  350 സീറ്റുകളുള്ള പാർലമെന്റിൽ വനിതകൾക്കായി നീക്കിവച്ച 50 സീറ്റുകൾ ഒഴികെ ബാക്കി 300 സീറ്റിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭൂരിപക്ഷം ലഭിക്കാൻ 151 സീറ്റുകൾ വേണം. 1848 സ്ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. രാവിലെ എട്ട് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. 10,41,90,480 വോട്ടർമാർ വോട്ട് രേഖപ്പെടുത്താനെത്തും.

നാലാമൂഴം തേടുന്ന നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർ‍ട്ടിയും പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. വാമി ലീഗ് അനുയായികളും ബിഎൻപി പ്രവർത്തകരും തമ്മിൽ പരസ്യപ്രചാരണം അവസാനിച്ചതിനുശേഷവും സംഘർഷങ്ങൾ തുടരുന്നതിനാൽ തിരഞ്ഞെടുപ്പിന് ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ചുമതല. അഴിമതി ആരോപണത്തെ തുടർന്ന് ജയിലിൽ കഴിയവെയാണ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ബിഎൻപിയുടെ തിരഞ്ഞെടുപ്പ് പോരാട്ടം നിയന്ത്രിക്കുന്നത്. 10 വർഷത്തെ തടവുശിക്ഷയനുഭവിക്കുകയാണു ഖാലിദ സിയ. അവാമിലീഗിന്റെയും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും പ്രവർത്തകർ തമ്മിൽ പ്രചാരണവേളയിലുണ്ടായ സംഘർഷങ്ങളിൽ 13 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

You might also like

Most Viewed