ചന്ദ്രന്‍റെ ഇരുണ്ടവശത്ത് ചൈനീസ് പര്യവേക്ഷണ വാഹനമിറങ്ങി


ബെയ്ജിംഗ്: ഭൂമിയിൽ‍ നിന്നു ദൃശ്യമാകാത്ത ചന്ദ്രന്റെ ഇരുണ്ടവശത്ത് പര്യവേക്ഷണ വാഹനമിറക്കി ചൈന. പ്രദേശിക സമയം ഇന്നലെ രാവിലെ 10.26നാണ് ചൈനീസ്‌ വാഹനം − ചെംഗ്‌ ഇ−4 ചന്ദ്രന്റെ പ്രതലത്തിലിറങ്ങിയത്. പിന്നാലെ ചന്ദ്രനിൽ‍നിന്നുള്ള ആദ്യ ചിത്രവും ചെംഗ്‌ ഇ−4 ഭൂമിയിലേക്ക്‌ അയച്ചു. ഭൂമിക്ക് അഭിമുഖമായി വരാത്ത ചന്ദ്രമേഖലയിൽ ഇതാദ്യമായാണ് ഒരു പരീക്ഷണ പേടകം ഇറങ്ങുന്നത്. ഭൂമിയിൽനിന്നു കാണാൻ പറ്റാത്തതിനാൽ ഈ മേഖലയെ ഇരുണ്ടവശം എന്നും വിളിക്കുന്നു.

മണ്ണിന്‍റെ ഘടന അടക്കം വിശദമായി പഠിക്കുകയാണ് ചെംഗ്‌ ഇ−4ന്റെ ലക്ഷ്യം. നാസയും റോസ്‌കോസ്‌മോസും അടക്കമുള്ള ഏജൻ‍സികൾ‍ ചന്ദ്രനിൽ‍ വാഹനം ഇറക്കിയിട്ടുണ്ടെങ്കിലും അവ ഭൂമിയിൽ‍നിന്നു ദൃശ്യമാകുന്ന മേഖലകളിലായിരുന്നു. ചന്ദ്രന്റെയും ഭൂമിയുടെയും ഭ്രമണ സമയത്തിലുള്ള വ്യത്യാസം കാരണം ഒരിക്കലും ഭൂമിക്ക് അഭിമുഖമായി വരാത്ത ഭാഗമാണ് ഇരുണ്ടവശം. ഭൂമി സ്വയം ഭ്രമണം ചെയ്യാൻ 24 മണിക്കൂർ സമയമെടുക്കുന്പോൾ ചന്ദ്രന്‍ ഭ്രമണം ചെയ്യാൻ 27.3 ദിവസം വേണം. ഈ വത്യാസം കാരണം ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയിൽ നിന്ന് ഒരിക്കലും കാണാൻ സാധിക്കില്ല.

ആശയവിനിമയത്തിനുള്ള സിഗ്നൽ ഇരുണ്ടവശത്ത് നിന്നു നേരിട്ട് ലഭിക്കില്ലാത്തതിനാൽ ഭൂമിക്കും ചന്ദ്രനും ഇടയിൽ പ്രത്യേക ഉപഗ്രഹം വിക്ഷേപിച്ചാണ് ചൈന ഈ പ്രതിസന്ധി മറികടന്നത്. അമേരിക്കയുടെ നാസ അടക്കമുള്ള ബഹിരാകാശ ഏജൻ‍സികൾ‍ ചൈനയ്‌ക്ക്‌ അഭിനന്ദവുമായി രംഗത്തെത്തി.

You might also like

Most Viewed