ന്യൂസിലാൻഡിൽ‍ കാട്ടുതീ നിയന്ത്രണാതീതം; 3000ത്തോളം പേർ‍ വീടുകൾ‍ ഒഴിഞ്ഞുപോയി


 

ന്യൂസിലാൻഡിലെ ദക്ഷിണ വനമേഖലയിൽ‍ പടർ‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ന്യൂസിലാൻഡിന്റെ ചരിത്രത്തിൽ‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോൾ‍ നേരിടുന്നത്. മേഖലയിൽ‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇതിനോടകം 3000ത്തോളം പേർ‍ വീടുകൾ‍ ഒഴിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്.

ന്യൂസിലാൻഡിലെ ടാസ്മാൻ പ്രവിശ്യയിലെ നെൽ‍സൺ നഗരത്തോട് ചേർ‍ന്ന് കിടക്കുന്ന വനമേഖലയിൽ‍ ഒരാഴ്ച മുന്‍പാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. 23 ഹെലികോപ്ടറുകളും മൂന്ന് വിമാനങ്ങളും 155 അഗ്നിശമന സേനാംഗങ്ങളും അത്യധ്വാനം ചെയ്തിട്ടും തീപടർ‍ന്നു പിടിക്കുന്നത് തടയാനായിട്ടില്ല. കാട്ടുതീയിൽ‍ ഇതുവരെ ആൾ‍നാശമുണ്ടായതായി റിപ്പോർ‍ട്ടില്ല.

സൈന്യവും പോലീസും നൂറുകണക്കിന് വളണ്ടിയർ‍മാരും സന്നദ്ധപ്രവർ‍ത്തകും രക്ഷാപ്രവർ‍ത്തനത്തിൽ‍ ഏർ‍‌പ്പെട്ടിട്ടുണ്ട് വനവൽ‍ക്കരണം നടത്തിയിട്ടുള്ള നെൽ‍സൺ നഗരത്തിൽ‍ നിരവധിയായ ഫാമുകളിലെ വളർ‍ത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 3000 പേർ‍ വീടുകൾ‍ ഉപേക്ഷിച്ച് പോയി. ഏകദേശം 70000ത്തോളം പേർ‍ കാട്ടുതീ ബാധിത മേഖലയിൽ‍ ഉണ്ടെന്നാണ് കണക്ക്.

പ്രതികൂല കാലാവസ്ഥയും ശക്തിയേറിയ കാറ്റും ഉള്ളതിനാൽ‍ സ്ഥിതിഗതികൾ‍ വഷളാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ‍. തീ പടരുന്നത് തടയുന്നതിനായി നിയന്ത്രണ വിധേയമായി കാട് കത്തിച്ച് ഫയർ‍ ലൈനുകൾ‍ ഒരുക്കുന്ന പ്രവർ‍ത്തനവും പുരോഗമിക്കുകയാണ്. 

You might also like

Most Viewed