സുഡാനില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഒറ്റപ്പേര് നിർദ്ദേശിക്കണമെന്ന് ആവശ്യം


സുഡാനില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഒറ്റപ്പേര് നിര്‍ദ്ദേശിക്കാന്‍ സൈനിക ഭരണ സമിതി ആവശ്യപ്പെട്ടു. നിലവില്‍ ഭരണം കയ്യാളുന്ന സൈനിക സമിതിയും സമര രംഗത്തുളളവരുടെ പ്രതിനിധികളും തമ്മിലുണ്ടായ കൂടിക്കാഴ്ചയില്‍ ആണ് ആവശ്യം ഉന്നയിച്ചത്.  പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി എന്നീ സ്ഥാനത്തേക്ക് സൈന്യം നിര്‍ദ്ദേശിക്കുന്നവരെ നിയമിക്കുന്നതാണ്. അതുകൊണ്ട് ഉടന്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളുടെ പേര് നിര്‍ദ്ദേശിക്കുമെന്നാണ് സൂചന.

കഴിഞ്ഞ വ്യാഴാഴ്ച ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ഉമറുല്‍ ബശീറിനെ പുറത്താക്കി സൈന്യം സുഡാനില്‍ ഭരണമേറ്റെടുത്തത്. ജനാധിപത്യ സംവിധാനം വരുംവരെ സൈനിക സമിതി രണ്ടു വര്‍ഷം ഭരണം നടത്തുമെന്നാണ് പട്ടാളം പ്രഖ്യാപിച്ചത്. പട്ടാള ഭരണമല്ല ജനാധിപത്യ സര്‍ക്കാരാണ് വേണ്ടതെന്നാവശ്യം മുന്നയിച്ച് കൊണ്ടാണ് സുഡാനിലെ ജനങ്ങള്‍ സമരത്തിനിറങ്ങി.

പ്രതിഷേധത്തെ തണുപ്പിക്കാന്‍ സൈന്യം പല വാഗ്ദാനങ്ങളും മുന്നോട്ട് വെച്ചിരുന്നു. അധികാരത്തില്‍ പിടിച്ചു തൂങ്ങില്ലെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക ഭരണ സമിതി പറഞ്ഞിരുന്നു. ഈ വാഗ്ദാനങ്ങളെല്ലാം തളളിയ സഹചര്യത്തിലാണ് പുതിയ നിര്‍ദേശം ഉയർന്നിരിക്കുന്നത്.

You might also like

Most Viewed