കൊളംബോ സ്‌ഫോടനം: ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി ശ്രീലങ്കൻ പ്രധാനമന്ത്രി


 

കൊളംബോ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഈ മാസം ആദ്യം തന്നെ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ഈ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി ഏപ്രിൽ 11 ന് രാജ്യത്താകമാനം മുന്നറിയിപ്പ് നൽകിയത്. നാഷണൽ തൗഹീദ് ജമാഅത്ത് എന്നൊരു സംഘടന ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനെയും പളളികളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താൻ സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്. രാജ്യത്തെ ബുദ്ധമത ആരാധനാ കേന്ദ്രങ്ങളിലെ പ്രതിമകൾ വ്യാപകമായി നശിപ്പിച്ച് ശ്രദ്ധാ കേന്ദ്രമായ സംഘടനയാണ് എൻ.ടി.ജെ കഴിഞ്ഞ വർഷം ഇവരുടെ നേതൃത്വത്തിൽ വ്യാപക ആക്രമണങ്ങൾ അരങ്ങേറിയിരുന്നു.അതേസമയം, ഇന്ത്യ ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പക്ഷേ ജാഗ്രത പുലർ‍ത്തുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കുറ്റസമ്മതം നടത്തി. ഏപ്രിൽ നാലിനാണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് തങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ ഇന്ത്യ ശ്രീലങ്കൻ സുരക്ഷാ ഏജൻസിയെ അറിയിച്ചത്. പള്ളികളും ആഢംബര ഹോട്ടലുകളുമടക്കം എട്ടോളം സ്ഥലങ്ങളിൽ തീവ്രവാദികൾ ആക്രമണം നടത്താൻ ലക്ഷ്യമിടുന്നു എന്ന കൃത്യമായ വിവരങ്ങൾ ഇന്ത്യൻ‍ രഹസ്യാന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. ഇന്ത്യയുടെ വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഏപ്രിൽ പത്തിന് ശ്രീലങ്കൻ പൊലീസ് മേധാവി ദേശീയ തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പക്ഷേ അക്രമികളെ കണ്ടെത്തി പദ്ധതി പരാജയപ്പെടുത്തുന്നതിൽ സുരക്ഷ ഏജൻസികൾ പരാജയപ്പെടുകയായിരുന്നു. ഭീകരാക്രമണമുണ്ടായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തിന് പുറത്ത് നിന്നും ഭീകരാക്രമണത്തിന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. 

You might also like

Most Viewed