ശ്രീലങ്കയിൽ വർഗീയ സംഘർഷം ഒരാൾ മരിച്ചു; 22 പേർ അറസ്റ്റിൽ


 

വർഗീയകലാപവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ 22 പേർ അറസ്റ്റിലായി. ഒരാൾ കൊല്ലപ്പെട്ടു. രണ്ടാം ദിവസ‌വും രാജ്യമൊട്ടാകെ കർഫ്യൂ തുടരുന്നു. പ്രതിരോധ സഹമന്ത്രി റുവാൻ വിജയവർധനെയെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. സംഘർഷമേഖലയായ വടക്കുപടിഞ്ഞാറൻ പ്രവിശ്യ പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. തെരുവുകളിൽ സൈനികർ റോന്തു ചുറ്റുന്നുണ്ട്.കടകൾക്കും വാഹനങ്ങൾക്കും തീയിട്ട അക്രമികൾ ആരാധനാലയങ്ങളും തകർത്തു. ഇരുന്പുവടികളും വാളുകളുമായെത്തിയ അക്രമികൾ വീടുകളും ആക്രമിച്ചു. വെട്ടേറ്റാണ് ഒരാൾ കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീകളുമടക്കമുളളവർ കൃഷിയിടങ്ങളിൽ ഒളിച്ചുകഴിയുകയാണെന്നാണ് റിപ്പോർട്ട്.  വർഗീയ സംഘർഷത്തിൽ ഐക്യരാഷ്ട്രസംഘടന ഉൽകണ്ഠ പ്രകടിപ്പിച്ചു. രാജ്യത്തു സമൂഹമാധ്യമങ്ങൾക്കുള്ള വിലക്കു തുടരുന്നു. അഭ്യൂഹങ്ങൾ പരക്കുന്നതു തടയാൻ ഫെയ്സ് ബുക്കിനും വാട്സാപിനും പുറമേ ട്വിറ്ററും ഇന്നലെ നിരോധിച്ചു. ആളില്ലാ വിമാനം (ഡ്രോൺ) ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ഇന്നലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരും അക്രമത്തിനു പ്രേരിപ്പിച്ചതിനു 2 പേരും അറസ്റ്റിലായി. 250 ലേറെ പേർ കൊല്ലപ്പെടുകയും 500 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഈസ്റ്റർ ഞായറാഴ്ചയിലെ ചാവേർ സ്ഫോടന പരന്പരയ്ക്കു ശേഷമാണ് വിവിധ ജില്ലകളിൽ വർഗീയ സംഘർഷം പടർന്ന് പിടിച്ചത്.

You might also like

Most Viewed