അമേരിക്ക തടഞ്ഞുവെച്ച ചരക്കുകപ്പൽ‍ ഉടൻ വിട്ടുതരണമെന്ന് ഉത്തരകൊറിയ


 

 

അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്ന ചരക്കുകപ്പൽ‍ ഉടനെ വിട്ടു നൽ‍കണമെന്ന്‌ ഉത്തര കൊറിയ ആവശ്യപ്പെട്ടു. അമേരിക്ക നടത്തിയിരിക്കുന്നത് കൊള്ളയടിയാണെന്നും സൈനിക ശക്തി ഉപയോഗിച്ച് ഉത്തര കൊറിയയെ വരുതിയിൽ‍ നിർ‍ത്താമെന്ന് അമേരിക്ക കരുതുന്നെങ്കിൽ‍ അത് അവരുടെ ഏറ്റവും വലിയ തെറ്റായ കണക്കുകൂട്ടലാകുമെന്നും ഉത്തര കൊറിയ. അന്താരാഷ്ട്ര ഉപരോധങ്ങൾ‍ ലംഘിച്ച് കൽ‍ക്കരി കയറ്റുമതിക്ക് ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് അമേരിക്ക കപ്പൽ‍ തടഞ്ഞുവെച്ചിരിക്കുന്നത്.

ഉത്തര കൊറിയയുടെ വൈസ് ഹോണസ്റ്റ് എന്ന കപ്പൽ‍ 2018 ഏപ്രിലിൽ‍ ഇന്തോനേഷ്യയാണ് കസ്റ്റഡിയിലെടുത്തത്. കപ്പൽ‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വാഷിംഗ്ടണിലെ കോടതി വാറണ്ട്‌ പുറപ്പെടുവിക്കുകയായിരുന്നു. നടപടിക്കെതിരെ പ്രതികരണം അറിയിക്കാൻ ഉത്തരകൊറിയക്ക് 60 ദിവസം സമയം ഉണ്ടെങ്കിലും അവർ‍ കോടതിയെ സമീപിക്കില്ലെന്നാണ് സൂചന. കപ്പലിന്റെ സംരക്ഷണ ചിലവുകൾ‍ക്കായുള്ള പണം അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങൾ‍ വഴിയാണ് നൽ‍കുന്നത്. കപ്പൽ‍ അമേരിക്കയ്ക്ക് കൈമാറുന്നതിനുള്ള നടപടികൾ‍ പുരോഗമിക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പ്രതികരണം. ഉത്തര കൊറിയയെ പരമാവധി സമ്മർ‍ദ്ദത്തിൽ‍ നിർ‍ത്താനുള്ള ശ്രമമാണിതെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ഡൊണാൾ‍ഡ് ട്രംപും നടത്തിയ സംയുക്ത പ്രസ്താവനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്നും ഉത്തരകൊറിയ പ്രതികരിച്ചു. സൈനിക ശക്തി ഉപയോഗിച്ച് വരുതിയിൽ‍ നിർ‍ത്താമെന്നാണ് അമേരിക്ക കരുതുന്നതെങ്കിൽ‍ അത് അവരുടെ കണക്കുകൂട്ടലിലെ വലിയ പിഴവാണെന്നും ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമം റിപ്പോർ‍ട്ട് ചെയ്തു.

You might also like

Most Viewed