ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇറാഖ് എതിർപ്പു പ്രകടിപ്പിച്ചു


 

ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇറാഖ് എതിർപ്പു പ്രകടിപ്പിച്ചു. ഇറാൻ− യുഎസ് സംഘർഷത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഇറാഖ് വ്യക്തമാക്കി. ബാഗ്ദാദിൽ സന്ദർശനത്തിനെത്തിയ ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജാവേദ് സരീഫുമൊത്തു നടത്തിയ പത്രസമ്മേളനത്തിലാണ് മധ്യസ്ഥതയ്ക്കു തയ്യാറാണെന്ന് ഇറാഖ് വിദേശമന്ത്രി മുഹമ്മദ് അൽഹക്കീം പറഞ്ഞത്. ഈ ഘട്ടത്തിൽ അയൽരാജ്യമായ ഇറാനിലെ ജനങ്ങളോടൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. സാന്പത്തിക ഉപരോധം ഫലശൂന്യമാണെന്നു മാത്രമല്ല, അത് ഇറാൻ ജനതയെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നു. അതിനാൽ ഉപരോധത്തെ എതിർക്കുന്നു− അൽ ഹക്കിം പറഞ്ഞു. ഏകപക്ഷീയമായി അമേരിക്ക എടുക്കുന്ന നടപടികൾക്ക് തങ്ങൾ എതിരാണെന്നും ഇരുകൂട്ടരും ആവശ്യപ്പെടുന്നപക്ഷം മധ്യസ്ഥതയ്ക്കു തയ്യാറാണെന്നും അൽ ഹക്കീം പറഞ്ഞു.

ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം പുലർത്താനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്ന് ഇറാൻ വിദേശമന്ത്രി സരിഫ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായി അനാക്രമണ കരാർ ഉണ്ടാക്കാനും തയ്യാറാണ്.

വൻശക്തി രാഷ്‌ട്രങ്ങളും ജർമനിയും ചേർന്ന് ഇറാനുമായി ഒപ്പിട്ട ആണവക്കരാറിൽ നിന്നാണ് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത്. അമേരിക്കയൊഴികെ ഒരു രാജ്യവും കരാറിനെ തള്ളിപ്പറഞ്ഞിട്ടില്ല. ഇറാൻ കരാർ ലംഘനം നടത്തിയിട്ടില്ലെന്നും കരാർ സംരക്ഷിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടു വരണമെന്നും വിദേശമന്ത്രി സരിഫ് പറഞ്ഞു. സാന്പത്തിക, സൈനിക തലത്തിലുണ്ടാവുന്ന ഏതു യുദ്ധവും നേരിടാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed