വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ സംരക്ഷിക്കും: മലേഷ്യൻ പ്രധാനമന്ത്രി


ക്വാലാലംപൂർ: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ നാടുകടത്താതിരിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് മലേഷ്യ. മലേഷ്യൻ പ്രധാനമന്ത്രി മഹതിർ മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്. വർഗീയ പ്രസംഗത്തിന്റെ പേരിൽ ദേശീയ അന്വേഷണ ഏജൻസി സാക്കിർ നായിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ തനിക്ക് ഇന്ത്യയിൽ ന്യായമായ വിചാരണ നേരിടാനാവില്ലെന്ന് സാക്കിർ നായിക്ക് പറഞ്ഞിരുന്നു. ഈ അഭ്യർത്ഥന കണക്കിലെടുത്താണ് മലേഷ്യ സാക്കിർ നായിക്കിനെ നാട് കടത്തേണ്ടതില്ല എന്ന തീരുമാനത്തിലെത്തുന്നത്.

2016ൽ തനിക്കെതിരെ എൻ.ഐ.എ കേസ് എടുത്തതിനെ തുടർന്നാണ് സാക്കിർ നായിക്ക് ഇന്ത്യ വിട്ട് മലേഷ്യയിൽ ചേക്കേറുന്നത്. തുടർന്ന് മലേഷ്യൻ സർക്കാർ ഇയാൾക്ക് സംരക്ഷണം നൽകിയിരുന്നു. എൻ.ഐ.എ റിപ്പോർട്ടിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സാക്കിർ നായിക്കിനെതിരെ യു.എ.പി.എ ഉപയോഗിച്ച് കേസ് എടുത്തത്. തിരിച്ചറിയാനാകാത്ത നിരവധി സംഘടനകളിൽ നിന്നും സാക്കിർ നായിക്കിന് കോടിക്കണക്കിന് പണം സംഭാവനയായി ലഭിച്ചിരുന്നുവെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.
മലേഷ്യ, ബഹ്‌റിൻ, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നും നായിക്കിന്റെ മുംബയിലുള്ള ധർമസ്ഥാപനമായ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷനിലേക്ക് കോടിക്കണക്കിന് രൂപ സംഭാവനയായി എത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. മുസ്ലിം യുവാക്കളിലേക്ക് വർഗീയ പ്രസംഗത്തിലൂടെ തീവ്ര ആശയങ്ങൾ കടത്തി വിട്ടതിനാണ് നായിക്കിന് ഈ പാരിദോഷികം ലഭിച്ചത്.
 

You might also like

Most Viewed