പാക്കിസ്ഥാന്‍ മുന്‍പ്രസിഡണ്ട് സര്‍ദാരി റിമാൻഡിൽ


ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പാക്കിസ്ഥാന്‍ മുന്‍പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി റിമാൻഡിൽ. കോടതിയിൽ ഹാജരാക്കിയ സർദാരിയെ 11 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ജൂൺ 21 ന് വീണ്ടും അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കണം. സർദാരിയെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അഴിമതി അന്വേഷണ ഏജൻസിയായ എൻ.എ.ബി ആവശ്യപ്പെട്ടത്. 
വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും രാജ്യത്തിനു പുറത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് സർദാരിക്ക് എതിരേയുള്ള ആരോപണം. സർദാരിയുടെ സഹോദരി ഫര്യാൽ തൽപ്പുരിനെതിരേയും വാറന്‍റുണ്ടായിരുന്നെങ്കിലും അവരെ അറസ്റ്റു ചെയ്തിട്ടില്ല. ജാമ്യം നീട്ടിക്കിട്ടാൻ ഇരുവരും സമർപ്പിച്ച ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അഴിമതി അന്വേഷണ ഏജൻസിയായ എൻഎബി യിലെ അംഗങ്ങൾ പോലീസുമൊത്ത് സർദാരിയുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. പിപിപി കോ-ചെയർമാനായ സർദാരിയെ അറസ്റ്റു ചെയ്യുന്നതു തടയാൻ പ്രവർത്തകർ ആദ്യം ശ്രമിച്ചു. എന്നാൽ സർദാരി പോലീസിനു കീഴടങ്ങാൻ തയാറാവുകയായിരുന്നു.
കൊല്ലപ്പെട്ട മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവായ സർദാരി 2008-2013 കാലഘട്ടത്തിലാണു പാക് പ്രസിഡണ്ടായി ഭരണം നടത്തിയത്. സർദാരിയും സഹോദരിയും ചേർന്ന് ബിനാമി അക്കൗണ്ടുകളിലൂടെ 15 കോടി രൂപയെങ്കിലും മാറിയെടുക്കുകയും രാജ്യത്തിനു പുറത്തേക്കു കടത്തുകയും ചെയ്തെന്നാണ് എൻഎബിയുടെ ആരോപണം.

You might also like

Most Viewed