ഇല്ലാതാക്കേണ്ടത് ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് ഇമ്രാന്‍ഖാന്‍


ബിഷ്‌കെക്ക്: ഒടുവില്‍ ഇന്ത്യയുമായി രാജ്യാന്തര മദ്ധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുമായി നില നില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ഇക്കാര്യം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഇമ്രാന്‍ പറഞ്ഞു.
രണ്ടു ദിവസം നീളുന്ന ഷംങ്ഗായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌.സി.ഒ) ഉച്ചകോടിക്കായി ഇന്ത്യന്‍ പ്രധാനമന്ത്രിയും പാക് പ്രധാനമന്ത്രിയും കിര്‍ഗിസ് തലസ്ഥാനമായ ബിഷ്‌ക്കേക്കിലുണ്ട്. ഇന്ത്യന്‍ നേതൃത്വവുമായി സംസാരിക്കാനും രണ്ടു അയല്‍രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുമുള്ള മികവുറ്റ അവസരമായിട്ടാണ് പാകിസ്താന്‍ ഉച്ചകോടിയെ കാണുന്നതെന്ന് ഇമ്രാന്‍ റഷ്യന്‍ ന്യൂസ് ഏജന്‍സിയായ സ്പുട്‌നിക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയുമായുള്ള പാകിസ്താന്റെ ബന്ധം ഏറ്റവും മോശപ്പെട്ട നിലയില്‍ ആണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഏതുതരം മാദ്ധ്യസ്ഥതയെയും പാകിസ്താന്‍ അംഗീകരിക്കാന്‍ തയ്യാറാണ്. അയല്‍ രാജ്യങ്ങളുമായി ഇന്ത്യയുമായി പ്രത്യേകിച്ചും സമാധാനത്തിനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. മൂന്ന് ചെറിയ യുദ്ധങ്ങള്‍ ഇരു രാജ്യങ്ങളിലും നാശമുണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ ശക്തമാകുന്ന ദാരിദ്ര്യത്തെ ചെറുത്തു തോല്‍പ്പിക്കേണ്ട സമയമാണ്. ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുമായി മികച്ച ബന്ധം ഉണ്ടാക്കുന്നതിനായി പാകിസ്താന്‍ എസ് സി ഒ യെ ഉപയോഗിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.

You might also like

Most Viewed