ജനസംഖ്യ നിരക്കിൽ‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തും


ന്യൂയോർക്ക്: എട്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎൻ റിപ്പോർട്ട്. നിലവിൽ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയാണ് ഒന്നാമത്. വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസ് −2019 എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

2019 മുതൽ 2050 വരെയുള്ള കാലത്ത് ചൈനീസ് ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

2050 ആകുന്പോഴേക്കും ലോക ജനസംഖ്യ 770 കോടിയിൽ നിന്ന് 970 കോടിയായി ഉയരും. അതേസമയം ഇന്ത്യയുൾപ്പെടെ ഒന്പത് രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പകുതിയും ഉണ്ടാവുകയെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യ, നൈജീരിയ, പാകിസ്താൻ, കോംഗോ, ഏത്യോപിയ, ടാൻസാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാകും അവ. 2050 ആകുന്പേഴേക്കും ചില ആഫ്രിക്കൻ മേഖലകളിൽ ജനസംഖ്യ ഇരട്ടിയോളം വർദ്ധിക്കും.

ജനസംഖ്യ ആഗോളവ്യാപകമായി വർദ്ധിക്കുന്പോഴും പ്രത്യുൽപ്പാദന നിരക്ക് കുറയുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 1990 ൽ ഒരു സ്ത്രീയ്ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി 3.2 ആയിരുന്നവെങ്കിൽ 2019 ആകുന്പോൾ അത് 2.2 ആയി കുറഞ്ഞു. 2050 ആകുന്പോഴേക്കും ഇത് 2.1 ലേക്ക് താഴും.

അതേസസമയം മനുഷ്യരുടെ ആയുർദൈർഘ്യവും കൂടിയിട്ടുണ്ട്. 1990 ൽ 64.2 ആയിരുന്നു ശരാശരി ആയുർദൈർഘ്യമെങ്കിൽ 2019 ആയപ്പോൾ അത് 72.6 ആയി ഉയർന്നു. 2050 ആകുന്പോഴേക്കും 77.1 ആയി ആയുർദൈർഘ്യം വർദ്ധിക്കുമെന്നും യു.എൻ. റിപ്പോർട്ടിൽ പറയുന്നു.

You might also like

Most Viewed