സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പാക്കിസ്ഥാൻ; അടിയന്തര നടപടികൾ ആവശ്യമെന്ന് ഐഎംഎഫ്


ഇസ്ലാമാബാദ്: പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) റിപ്പോർട്ട്. സമ്പദ്‌വ്യവസ്ഥയിൽ നിർണായകവും ധീരവുമായ പരിഷ്കാരങ്ങൾ ഉടൻ ആവശ്യമാണെന്നും ഐഎംഎഫ് അറിയിച്ചു. നിലവിൽ 8 കോടി ഡോളറിൽ താഴെ മാത്രം കരുതൽ ധനമായുള്ള പാക്കിസ്ഥാൻ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇമ്രാൻ ഖാൻ സർക്കാർ അധികാരമേറ്റതിനു ശേഷം വായ്പയെടുക്കുന്നതിനായി ഐ.എം.എഫിനെ സമീപിച്ചിരുന്നു.

ഇതിനെത്തുടർന്നു കഴിഞ്ഞ ആഴ്ചയാണ് ഐ.എം.എഫ് പാക്കിസ്ഥാന് 600 കോടി ഡോളർ വായ്പയായി അനുവദിച്ചത്. ഇതിൽ 100 കോടി അടിയന്തരമായി കൈമാറും. ബാക്കി തുക മൂന്നു വർഷം കൊണ്ടായിരിക്കും ലഭിക്കുന്നത്. 1980 മുതൽ രാജ്യാന്തര നാണയനിധിയിൽ നിന്നു സ്ഥിരമായി വായ്പയെടുക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ.
വലിയ സാമ്പത്തിക ആവശ്യങ്ങളുടെയും ദുർബലവും അസന്തുലിതവുമായ വളർച്ചയുടെയും പശ്ചാത്തലത്തിൽ പാകിസ്ഥാൻ വൻ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഐ‌എം‌എഫ് എക്സിക്യൂട്ടീവ് ബോർഡ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറും ആക്ടിങ് ചെയർയുമായ ഡേവിഡ് ലിപ്റ്റൺ പറഞ്ഞു. ധന ഏകീകരണത്തിനു പൊതുകടം കുറയ്ക്കുന്നതു നിർണായകമാണ്. 
നിരവധി വർഷത്തെ വരുമാന സമാഹരണത്തിലൂടെ മാത്രമെ ധനപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ പാക്കിസ്ഥാനു സാധിക്കുകയുള്ളു. ഇതിനു നികുതി അടിത്തറ വിശാലമാക്കുകയും നികുതി വരുമാനം ന്യായമായ രീതിയിൽ ഉയർത്തുകയും വേണം. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനു എല്ലാ പ്രവശ്യകളുടെയും പൂർണ പിന്തുണ ആവശ്യമാണ്. നയപരമായ തീരുമാനങ്ങൾ അടിയന്തരമായി സ്വീകരിക്കാതെ സാമ്പത്തിക ‍ഞെരുക്കത്തിന് അയവുവരില്ല. അതിവേഗം വളരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വാഗ്ദാനങ്ങൾ മാത്രം പര്യാപ്തമാകുകയില്ലെന്നും ഡേവിഡ് ലിപ്റ്റൺ പറഞ്ഞു.
 രൂപയുടെ മൂല്യം ഇടിയുന്നതും കരുതൽ ധനത്തിലെ കുറവുമാണ് പാക്ക് സർക്കാരിനെ വലയ്ക്കുന്നത്. സുഹൃത് രാജ്യങ്ങളായ ചൈന, സൗദി അറേബ്യ, യുഎഇ എന്നിവടങ്ങളിൽ നിന്ന് ഈ സാമ്പത്തിക വർഷം ഇതിനോടകം പാക്കിസ്ഥാൻ സഹായം കൈപ്പറ്റി കഴിഞ്ഞു.

You might also like

Most Viewed