നേപ്പാളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 88 പേര്‍ മരിച്ചു


കാഠ്മണ്ഡു: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നേപ്പാളില്‍ 88 മരണം. 32 പേരെ കാണാതായി. തുടര്‍ന്ന് നേപ്പാള്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കന്‍ മേഖലകളിലെ 25 ജില്ലകളിലെ താമസക്കാര്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് മോചിതരായിട്ടില്ല. ഇവിടെ 16,520 വീടുകളില്‍ വെള്ളം കയറി. ബാരാ ജില്ലയില്‍ നാലുദിവസമായി 400 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്.
കാഠ്മണ്ഡുവിലെ കലങ്കി, കുപോന്ദോലെ, കുലേശ്വര്‍, ബല്‍ഖു എന്നീ ഭാഗങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കാഠ്മണ്ഡു, ലളിത്പുര്‍, ധാദിംഗ്, റൗതാഹത്, ചിതാവന്‍, സിരാഹ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി 2500-ലധികം പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചു.
കാഠ്മണ്ഡുവില്‍ അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തി. ലോകാരോഗ്യ സംഘടനയുടെ നേപ്പാള്‍ ഓഫീസിലെയും യുനിസെഫ്, യുണൈറ്റഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. വിവിധയിടങ്ങളില്‍ പ്രത്യേക ആരോഗ്യകേന്ദ്രങ്ങള്‍ തുറന്നതായും അധികൃതര്‍ പറഞ്ഞു. പ്രളയം സാരമായി ബാധിച്ച സ്ഥലങ്ങളില്‍ അടിയന്തര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ചു. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ മുന്‍കരുതലെടുക്കാനും നിര്‍ദ്ദേശം നല്‍കി. ആശുപത്രികളോടും മെഡിക്കല്‍ കോളജുകളോടും പ്രത്യേക ഡോക്ടര്‍മാരടങ്ങുന്ന അടിയന്തര ചികിത്സാസംഘത്തെ രൂപവത്കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയബാധിതര്‍ക്ക് പ്രവിശ്യസര്‍ക്കാരുകള്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു.

You might also like

Most Viewed