കുൽഭൂഷൺ ജാദവിനെ രാജ്യാന്തര കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല: ഇമ്രാൻ ഖാൻ


ഇസ്‌ലാമാബാദ്: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ (ഐസിജെ) ഉത്തരവിനെ സ്വാഗതം ചെയ്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചാരനെന്നു മുദ്രകുത്തി ജാദവിനു (49) പാക്ക് സൈനികക്കോടതി വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നും അതുവരെ വധശിക്ഷയ്ക്കുള്ള സ്റ്റേ തുടരണമെന്നുമാണു ഐസിജെ വ്യക്തമാക്കിയത്. പാക്ക് ജയിലിൽ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ രാജ്യാന്തര നീതിന്യായ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. മോചിപ്പിച്ച് ഇന്ത്യയിലേക്കു മടക്കി അയയ്ക്കണമെന്നും പറഞ്ഞിട്ടില്ലാത്തതിനാൽ കോടതി തീരുമാനത്തെ അഭിനന്ദിക്കുന്നു. കുല്‍ഭൂഷണിനെതിരായ നിയമനടപടികൾ തുടരും’– ഇമ്രാൻ ഖാൻ ട്വിറ്ററിൽ വ്യക്തമാക്കി.

ജാദവിന്റെ വിഷയം കൈകാര്യം ചെയ്തതിൽ വിയന്ന കരാറിലെ 36ാം വകുപ്പിന്റെ ലംഘനമാണുണ്ടായതെന്നും, അതിലൂടെ രാജ്യാന്തരമായ പിഴവാണ് പാക്കിസ്ഥാൻ വരുത്തിയതെന്നും കോടതി വ്യക്തമാക്കി. പതിനാറംഗ ജൂറിയിൽ 15–1 ഭൂരിപക്ഷത്തോടെയാണ് വിധി.
ഇറാനിൽ വ്യാപാരിയായിരുന്ന, മുൻ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണു പാക്കിസ്ഥാൻ തടവിലാക്കിയത്. 2017 ഏപ്രിലിൽ സൈനികക്കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത മാസം ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.
ഇന്ത്യ 2017 ല്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ച ഘട്ടത്തില്‍ പാകിസ്താന്‍ ജാദവിനെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് സമ്മതിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ഒക്ടോബര്‍ 30നു നല്‍കിയ കത്തില്‍ പാകിസ്താന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥ അനുസരിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി വിചാരണ ചെയ്യാന്‍ സമ്മതിച്ചാല്‍ അദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തില്‍ തുറന്ന മനസ്സാണെന്നായിരുന്നു പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചത്. പാകിസ്താനെതിരായ ഭീകരാക്രമണ പദ്ധതിയുമായാണ് ജാദവ് എത്തിയതെന്ന് സമ്മതിക്കുകയും അദ്ദേഹത്തെ ഇന്ത്യയില്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയനാക്കുകയും വേണമെന്നാണ് ഇതുവഴി പാകിസ്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പാകിസ്താന്റെ ഈ നിര്‍ദ്ദേശം ഇന്ത്യ തള്ളുകയായിരുന്നു.

You might also like

Most Viewed