ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മലയാളികളും


ടെഹ്‍റാൻ: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മലയാളികൾ ഉണ്ടെന്ന് സ്ഥിരീകരണം. കപ്പലിൽ മൂന്ന് മലയാളികള്‍ ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ കപ്പലിൽ ഉണ്ടെന്ന് കപ്പൽ കന്പനി ബന്ധുക്കളെ അറിയിച്ചു. ഡിജോക്കൊപ്പം തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികൾ കൂടി കപ്പലിലുണ്ടെന്നാണ് വിവരം. എന്നാൽ, മലയാളികൾ കപ്പലിൽ ഉണ്ടെന്നതിന്  ഔദ്യോഗിക വിവരങ്ങളൊന്നും സർക്കാർ‍ തലത്തിൽ ലഭിച്ചിട്ടില്ല. രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടീഷ് കപ്പൽ അന്തർദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്തത്.

അതേസമയം കപ്പലിൽ കുടുങ്ങിയ 18 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കം ഊർജിതമാക്കി. ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരുടെ മോചനത്തിനായി ശ്രമിക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ജീവനക്കാർക്ക് ഒരു പ്രയാസവും നേരിടേണ്ടിവരില്ലെന്ന് ഇറാൻ ഇന്ത്യക്ക് ഉറപ്പു നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ, ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച എണ്ണ കപ്പൽ വിട്ടു കിട്ടാതെ ബ്രിട്ടീഷ് കപ്പൽ കൈമാറില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. അന്തർദേശീയ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോർമുസ് കടലിടുക്കിൽ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. പതിനെട്ട് ഇന്ത്യക്കാരടക്കം 23 പേരാണ് കപ്പലിലുണ്ടായിരുന്നത്.

You might also like

Most Viewed