24 മണിക്കൂറിനകം അമേരിക്കയില്‍ വീണ്ടും വെടിവെപ്പ് : അക്രമിയടക്കം 9 മരണം ; 16 പേര്‍ക്ക് പരിക്ക്


ഡൈറ്റൺ: അമേരിക്കയിലെ ഒഹിയോയിൽ ഉണ്ടായ വെടിവെപ്പിൽ 9 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം. 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണ് ഇത്.
ഒറിഗോൺ ജില്ലയിൽ അമേരിക്കൻ സമയം 1.22 ഓടെയാണ് അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതെന്ന് ഡൈറ്റൺ പോലീസ് ട്വീറ്റ് ചെയ്തു. പെട്ടെന്ന് തന്നെ പോലീസ് ഇടപെട്ടത് അക്രമിയെ പെട്ടെന്ന് കീഴ്പ്പെടുത്താൻ സഹായിച്ചു. കുറഞ്ഞത് 16 പേരെയെങ്കിലും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. ഡൈറ്റൺ നഗരത്തിന് സമീപമുള്ള വിനോദ മേഖലയാണ് ഓറിഗോൺ ജില്ല. ബാറുകളും റെസ്റ്റോറന്റുകളും ഏറെയുള്ള പ്രദേശമാണ് ഇവിടം. ഓറിഗോൺ ജില്ലയിൽ എവിടെയാണ് വെടിവെപ്പ് നടന്നത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ടെക്സാസിലെ എൽപാസോയിൽ ആൾക്കൂട്ടത്തിന് നേരെ യുവാവ് നടത്തിയ വെടിവെപ്പിൽ 20 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ് ഈ വാർത്ത പുറത്ത് വരുന്നത്.

You might also like

Most Viewed