കശ്മീര്‍ വിഷയത്തില്‍ ആരും സഹായിക്കാനില്ല, ആഗോളതലത്തില്‍ ഒറ്റപ്പെട്ട് പാകിസ്താന്‍


ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ഉയർത്താൻ ശ്രമിച്ച പാകിസ്താന് തിരിച്ചടി. യു.എൻ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ പാകിസ്താനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. ഇക്കാര്യം പാകിസ്താൻ തുറന്നു സമ്മതിച്ചു.
''രക്ഷാസമിതി അംഗങ്ങൾ പൂക്കളുമായല്ല നിൽക്കുന്നത്. എപ്പോൾ വേണമെങ്കിലും അവരിലൊരാൾ തടസ്സമായി തീരാം അതുകൊണ്ട് അവർ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വർഗത്തിൽ കഴിയേണ്ടതില്ല''- എന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പത്രസമ്മേളനത്തിൽ പറഞ്ഞത്. അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. ആരും നിങ്ങളുടെ ക്ഷണം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി വാർത്താ സമ്മേളനത്തിൽ പറയുന്നു.
നിരവധി രാജ്യങ്ങൾക്ക് ഇന്ത്യയിൽ താൽപര്യങ്ങളുണ്ട്. ഇക്കാര്യം താൻ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങൾ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകൾ ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാൽ അവർക്കും ഇന്ത്യയിൽ നിരവധി നിക്ഷേപങ്ങളുണ്ട്. അവർക്കെല്ലാം ഇന്ത്യയിൽ അവരുടേതായ താത്പര്യങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു. 
അമേരിക്ക, റഷ്യ, ഫ്രാൻസ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങൾ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണച്ച ആദ്യ രക്ഷാസമിതി സ്ഥിരാംഗം റഷ്യയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യ സ്വീകരിച്ച നിലപാട്. അമേരിക്കയും ഇന്ത്യയെ പിണക്കാതെ അത്തരമൊരു നടപടി തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണിതെന്ന് അവർ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് അവർ പ്രതികരിച്ചത്.
മറ്റ് രാജ്യങ്ങൾ ഇക്കാര്യത്തിൽ അധികം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഓഗസ്റ്റ് ആറിന് വിഷയം ഉന്നയിച്ച് പാകിസ്താൻ നൽകിയ കത്ത് പരിഗണിക്കില്ലെന്ന് രക്ഷാസമിതി വ്യക്തമാക്കിയിരുന്നു. ഇതും അവർക്ക് തിരിച്ചടിയായിരുന്നു.

You might also like

Most Viewed