കാബൂളില്‍ ചാവേര്‍ ബോംബ് ആക്രമണം: 40 പേര്‍ കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്


കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് ആക്രമണം. സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറില്‍ അധികം ആള്‍ക്കാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്തെ ഒരു വിവാഹ ചടങ്ങിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പരുക്ക് പറ്റിയവരില്‍ പലരുടെയും നില ഗുരുതരമെന്നും വിവര മുണ്ട്. ഒരു കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.
നിരവധി പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന ഹാളിലാണ് സ്‌ഫോടനം ഉണ്ടായത്. ഹാളിലേക്ക് കടന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റി ഹാളില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാബൂളില്‍ ഐ എസും താലിബാനും നിരന്തര ആക്രമണം നടത്തിവരികയാണ്.
കുട്ടികള്‍ കൂട്ടംകൂടി നിന്നിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആയിരക്കണക്കിന് ആള്‍ക്കാരെ വിവാഹത്തിന് ക്ഷണിച്ചിരുന്നുവെന്ന് വരന്റെ ബന്ധു പറയുന്നു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്നോ ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് നുസ്‌റസത്ത് റഹിമി പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് താലിബാന്‍ പടിഞ്ഞാറന്‍ കാബൂളില്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമാണ് അധികമായും മരിച്ചത്. 145 പേര്‍ക്ക് പരുക്കും പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് 40 പേരുടെ ജീവനെടുത്ത സ്‌ഫോടനം നടന്നത്. മരണ സംഘ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

article-image

താലിബാനുമായി നടത്തിയ സന്ധിസംഭാഷണങ്ങള്‍ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക പിന്മാറാന്‍ ആലോചിക്കുന്നതിനിടെയാണ് കാബൂളിലെ ഈ സ്ഫോടനം. 

You might also like

Most Viewed