ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനുള്ള ഇസ്രോയുടെ ശ്രമത്തെ അഭിനന്ദിച്ച് നാസ


വാഷിങ്ടൺ: ഇന്ത്യയുടെ ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ ഇസ്റോയെ അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനുള്ള ഇസ്രോയുടെ ശ്രമം അഭിനന്ദിച്ചാണ് നാസ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചന്ദ്രയാൻ രണ്ടിന്റെ യാത്ര പ്രചോദനം നൽകുന്നതാണെന്നും ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാമെന്നും നാസ ട്വീറ്റിൽ വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ട്ടപ്പെട്ട് ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ട വിവരം ഇസ്റോ അറി‌യിച്ചത്. സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ വിക്രം ലാൻഡർ തെന്നിമാറുകയും ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അകലെവച്ചാണ് ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാകുകയായിരുന്നുവെന്ന് ഇസ്റോ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി.

article-image

ജൂലായ് 22-നാണ് ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള 3,84,000 കിലോമീറ്ററില്‍ 3,83,998 കിലോമീറ്റര്‍ ദൂരവും വിജയകരമായി സഞ്ചരിച്ചാണ് ലാന്‍ഡറുമായുള്ള ബന്ധം അവസാന നിമിഷം നഷ്ടമാകുന്നത്. ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തിലാണ്. ചന്ദ്രോപരിതലത്തിന് രണ്ടു കിലോമീറ്റര്‍ മാത്രം ഉള്ളപ്പോഴാണ് സിഗ്നലുകള്‍ നഷ്ടമായത്. ഇന്നലെ പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ ദൗത്യം അവസാനഘട്ടത്തില്‍ വെച്ച് പരാജയപ്പെട്ടെന്ന സൂചനകള്‍ ഇസ്രോ പുറത്തുവിടുന്നത്.
ചന്ദ്രയാന്‍-2 ദൗത്യം 95 ശതമാനം വിജയമെന്ന് ഐഎസ്ആര്‍ഒ(ഇസ്രോ). ചാന്ദ്ര ദൗത്യം 90 മുതല്‍ 95 ശതമാനം വരെയാണ് ലക്ഷ്യം കണ്ടതെന്ന് ഇസ്രോ വ്യക്തമാക്കി. ഇത് ചന്ദ്രനെക്കുറിച്ചുളള കൂടുതല്‍ പഠനത്തിന് ഓര്‍ബിറ്റര്‍ സഹായകമാകും,മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം കൂടുതല്‍ ആയുസ് ലഭിക്കും. ഓര്‍ബിറ്ററിന് ഒരു വര്‍ഷത്തെ ആയുസാണ് നേരത്തെ കണക്കാക്കിയിരിക്കുന്നത്.
സാങ്കേതികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ദൗത്യം. 'ആശങ്കയുടെ 15 മിനിറ്റുകള്‍' എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ ലാന്‍ഡിനു മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു ലക്ഷ്യം.

You might also like

Most Viewed