വിയന്ന കരാർ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ:കുല്‍ഭൂഷണ് ഇനി നയതന്ത്രസഹായമില്ല


ഇസ്ലാമാബാദ്: പാചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്താനിൽ വധശിക്ഷക്ക് വിധിച്ച കുൽഭൂഷൺ ജാദവിന് രണ്ടാമതൊരിക്കൽ കൂടി നയതന്ത്രസഹായം അനുവദിക്കില്ലെന്ന് പാകിസ്താൻ. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രകാരം കഴിഞ്ഞയാഴ്ച ഡപ്യൂട്ടി ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ ഇസ്ലാമാബാദിലെ പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി കുൽഭൂഷൺ ജാദവിനെ കണ്ടിരുന്നതാണ്. 
ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജാദവിന്‍റെ വിചാരണ വീണ്ടും നടത്തണമെന്നും അതിനായി നയതന്ത്രസഹായം നൽകണമെന്നുമാണ് അന്താരാഷ്ട്ര കോടതിയുടെ വിധി. എന്നാൽ ഒറ്റത്തവണ മാത്രം കോൺസുലാർ സഹായം പേരിന് നൽകി, ഇത് ലംഘിക്കാനാണ് പാകിസ്ഥാൻ ഒരുങ്ങുന്നത്. മറ്റൊരു രാജ്യത്തെ പൗരനെ പട്ടാളക്കോടതിയിൽ നയതന്ത്രസഹായമില്ലാതെ വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ച് വിയന്ന കരാർ ലംഘിച്ച പാകിസ്ഥാൻ വീണ്ടും അതേ കരാർ ഈ പ്രസ്താവനയിലൂടെ ലംഘിക്കുകയാണ്. 
എന്നാൽ ഒരു തവണ കോൺസുലാർ സഹായം നൽകിയതോടെ അന്താരാഷ്ട്ര കോടതിയുടെ വിധി പാലിക്കപ്പെട്ടെന്നും രണ്ടാമതൊരു തവണ കോൺസുലാർ സഹായം നൽകാൻ പാകിസ്ഥാന് ബാധ്യതയില്ലെന്നുമാണ് പാക് വിദേശകാര്യമന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. 
കുൽഭൂഷൺ യാദവിനെ കാണാൻ ഒരു തടസ്സവും ഇല്ലാതെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥനെ അനുവദിച്ചതെന്നും, സ്വന്തം ഭാഷയിൽ സംസാരിക്കാൻ കുൽഭൂഷണെ അനുവദിച്ചുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പാകിസ്ഥാൻ വിശദീകരിച്ചിരുന്നു. 

അതേസമയം സംഭാഷണം റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പാകിസ്ഥാൻ വ്യക്തമാക്കി. സംഭാഷണം റെക്കോർഡ് ചെയ്യുമെന്നതുൾപ്പടെയുള്ള ഉപാധികൾ സമ്മതമല്ലെന്ന് ആദ്യം ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ ഉപാധികളോടെ മാത്രമേ കുൽഭൂഷണെ ഇന്ത്യൻ ഉദ്യോഗസ്ഥൻ കാണാവൂ എന്ന കടുത്ത നിലപാടിലായിരുന്നു പാകിസ്ഥാൻ. 

You might also like

Most Viewed