കൊലക്കേസ് പ്രതികളെ വെറുതെവിട്ടതിൽ മനം നൊന്ത് സ്വയം വെടിവച്ച് ജഡ്ജി


ബാങ്കോക്ക്: കൊലപാതക കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചതിനു പിന്നാലെ സ്വയം നെഞ്ചിൽ വെടിയുതിർത്തു ജഡ്ജി. തായ്‌ലൻഡിലെ യാലാ കോടതിയിലെ ജഡ്ജി കാനകോൻ പിയാഞ്ചനയാണു നീതിന്യായ വ്യവസ്ഥയിലെ പഴുതുകളിൽ മനംനൊന്തു സ്വയം വെടിവച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാനകോൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച കൊലപാതക കേസിൽ പ്രതികളായ അഞ്ചു പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നാലെയാണു കോടതിമുറിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആരെയെങ്കിലും ശിക്ഷിക്കാൻ വ്യക്തവും വിശ്വസനീയവുമായ തെളിവുകൾ ആവശ്യമാണ്. അതില്ലെങ്കിൽ ഒരിക്കലും ശിക്ഷ വിധിക്കരുത്. ആരോപണ വിധേയരായ അഞ്ച് പേർ കുറ്റം ചെയ്തെന്നല്ല പറയുന്നത്. ഒരുപക്ഷേ ചെയ്തിരിക്കാം. നീതിന്യായ വ്യവസ്ഥ എപ്പോഴും സുതാര്യവും വിശ്വാസയോഗ്യവുമായിരിക്കണം. തെറ്റായ ആളുകളെ ശിക്ഷിച്ച് അവരെ ബലിയാടാക്കരുത്– ശിക്ഷ വിധിച്ചതിനു ശേഷം കാനകോൻ പിയാഞ്ചന കോടതിമുറിയിൽ പറഞ്ഞു. തന്റെ വാക്കുകൾ തൽസമയം ഫെയ്സ്ബുക്കിൽ നൽകുകയും ചെയ്തു. വെടിയുതിർക്കുന്നതിനു മുൻപു മുൻ തായ് രാജാവിന്റെ ഛായാചിത്രത്തിനു മുന്നിൽ കാനകോൻ ഒരു നിയമപ്രതിജ്ഞ ഏറ്റുപറഞ്ഞതായും ദൃക്സാക്ഷി വെളിപ്പെടുത്തി. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് ജഡ്ജി സ്വയം വെടിവച്ചതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും ജുഡീഷ്യറി ഓഫിസ് വക്താവ് സൂര്യൻ ഹോങ്‌വിലയ് പറഞ്ഞു.നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പ്രസ്താവനകൾ നടത്തി ഒരു തായ് ജഡ്ജി പ്രോട്ടോക്കോൾ ലംഘിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂട്ടറുടെ തെളിവുകൾ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്നു ജസ്റ്റിസ് കാനകോൻ വിധിച്ചതായി ആരോപണവിധേയരുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ സംഭവത്തിനു പിന്നാലെ ഇവർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.

You might also like

Most Viewed