ഇന്ത്യയില്‍ ചാവേറാക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി പരാജയപ്പെട്ടു: അമേരിക്ക


വാഷിങ്ടൺ: ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്ക. ഐഎസിന്റെ ദക്ഷിണേഷ്യൻ മേഖലയിലെ ഖൊറാസാൻ ഗ്രൂപ്പ് കഴിഞ്ഞ വർഷം ഇന്ത്യയിൽ ചാവേർ സ്ഫോടനം നടത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അത് പരാജയപ്പെടുകയായിരുന്നുവെന്നും അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിങ് ഡയറക്ടറുമായ റുസ്സെൽ ട്രാവേഴ്സ് ആണ് വ്യക്തമാക്കിയത്.
അമേരിക്കൻ സെനറ്റിൽ നടന്ന ചർച്ചയിൽ മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസിന്റെ എല്ലാ ഉപവിഭാഗങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് കാരണമാണെന്നും റുസ്സെൽ ട്രാവേഴ്സ് പറഞ്ഞു. ഐഎസിൽ നിന്ന് മാതൃക സ്വീകരിച്ച് പ്രവർത്തിക്കുന്ന 4000 ഭീകരർ എങ്കിലും ദക്ഷിണേഷ്യയിലുണ്ടെന്നും അഫ്ഗാനിസ്താന് പുറത്ത് നിരവധി ആക്രമണങ്ങൾക്ക് ഐഎസ്- ഖൊറാസാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും റുസ്സെൽ ട്രാവേഴ്സ് പറഞ്ഞു. ഇന്ത്യയിലും അവർ ചാവേർ സ്ഫോടനങ്ങൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ അത് പരാജയപ്പെടുകയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലും അവർ ആക്രമണം നടത്താൻ പദ്ധതിയിട്ടു. എന്നാൽ എഫ്ബിഐ ഈ ശ്രമം പൊളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed