നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി: ഇന്ത്യക്ക് കൈമാറിയാൽ ജീവനൊടുക്കുമെന്നും ഭീഷണി


ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് യു.കെയിൽ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദ രോഗം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നീരവ് മോദി വീണ്ടും ഹർജി സമർപ്പിച്ചത്. എന്നാൽ ജാമ്യം നൽകിയാൽ രാജ്യം വിടാൻ സാദ്ധ്യതയുണെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്. ഇത് അ‍ഞ്ചാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.
അതേസമയം, താൻ ജയിലിൽ ക്രൂര മർദ്ദനത്തിന് ഇരയായെന്നും ജയിലിൽ സുരക്ഷിതനല്ലെന്നും നീരവ് മോദി കോടതിയെ അറിയിച്ചു. തന്നെ ഇന്ത്യക്ക് കൈമാറിയാൽ സ്വയം ജീവനൊടുക്കുമെന്നും നീരവ് മോദി ഭീഷണി മുഴക്കി. ലണ്ടൻ നിയമപ്രകാരം നാല് തവണയും കോടതി ജാമ്യം നിഷേധിച്ചാൽ പുതിയ കാരണം നിരത്തി മാത്രമേ ജാമ്യപേക്ഷ സമർപ്പിക്കാൻ കഴിയൂ. ഇത് ഉന്നംവച്ചാണ് നീരവ് ആരോഗ്യപ്രശ്‌നങ്ങൾ ഉന്നയിക്കുന്നതെന്ന് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. നീരവ് മോദിയെ വിട്ടുനൽകിയാൽ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് സംബന്ധിച്ച് വിവരങ്ങൾ നൽകണമെന്ന് ലണ്ടൻ കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാർച്ച് 19 നാണ് സ്‌കോർട്ട്‌ലൻഡ് യാർഡ് അറസ്റ്റ് ചെയ്തത്. നിലവിൽ ലണ്ടനിലെ വാൻസ്‌വർത്ത് ജയിലിലാണ് നീരവ് മോദി. നവംബർ 11 വരെ നീരവ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

You might also like

Most Viewed