ശ്രീലങ്കന്‍ പ്രസിഡണ്ടായി ഗോതാബായ രാജപക്സെയെ തിരഞ്ഞെടുത്തു


കൊളംബോ: ശ്രീലങ്കൻ പ്രസിഡണ്ടായി ഗോതാബായ രാജപക്സെയെ തിരഞ്ഞെടുത്തു. മുൻ പ്രസിഡണ്ട്  മഹിന്ദ രാജപക്സെയുടെ സഹോദരനും മുൻ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകൾ നേടിയാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ശ്രീലങ്ക പൊതുജന പെരമുന പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു ഗോതാബായ. മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായി. ഇടതുപക്ഷ പാർട്ടിയുടെ സ്ഥാനാർത്ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്. അന്തിമ വിധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ വോട്ട് ശതമാനത്തിൽ നേരിയ വ്യത്യാസമുണ്ടാകും.
ശ്രീലങ്കൻ ആഭ്യന്തരയുദ്ധക്കാലത്താണ് ഗോതാബായ പ്രതിരോധ സെക്രട്ടറിയായിരുന്നത്. മഹിന്ദ രാജപക്സെയ്ക്കൊപ്പം തമിഴ് പുലികളെ തകർത്ത് 26 വർഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിൽ ഗോതാബായ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ഭൂരിപക്ഷമായ സിംഹള ബുദ്ധിസ്റ്റുകൾക്കിടയിൽ ഗോതാബായയ്ക്ക് താരപരിവേഷം നൽകുന്നു. അധികാരത്തിലെത്തിയാൽ ഭീകരവാദത്തിനെതിരേ പൊരുതുമെന്നും ആഭ്യന്തരസുരക്ഷ ഏറ്റവും പ്രാധാന്യമുള്ള വിഷയമാക്കുമെന്നും ഗോതാബായ പ്രഖ്യാപിച്ചിട്ടുമുണ്ട്. മുൻ പ്രസിഡണ്ട് രണസിംഗെ പ്രേമദാസയുടെ മകനാണ് നിലവിൽ വിക്രമസിംഗെ മന്ത്രിസഭയിൽ ഭവനവകുപ്പ് മന്ത്രിയായ സജിത്ത് പ്രേമദാസ. ഗോതാബായയുടെ വരവ് ഭീതിയോടെ കാണുന്നതിനാൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ സജിത്തിനായിരുന്നു. രാജ്യത്തെ തമിഴ് വംശജരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ പാർട്ടിയായ തമിഴ് ദേശീയ സഖ്യം സജിത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയിൽ 12.6 ശതമാനമാണ് തമിഴ് വംശജർ. മുസ്ലിം സമുദായം 9.7 ശതമാനവും. അതേസമയം, ഏപ്രിലിൽ നടന്ന ഭീകരാക്രമണം തടയാൻ സജിത്ത് പ്രേമദാസയുടെ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഗോതാബായയുടെ പ്രധാന പ്രചാരണായുധവും.

You might also like

Most Viewed