ബംഗ്ലാദേശിൽ ഉള്ളി വില റെക്കോർഡിൽ: പ്രധാനമന്ത്രിയടക്കം ഉപയോഗം നിര്‍ത്തി


ധാക്ക: ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശിൽ ഉള്ളി വില റെക്കോർഡിലേക്കെത്തി. ഇതേ തുടർന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന വരെ തന്റെ മെനുവിൽ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ് റിപ്പോർട്ട്. 

കനത്ത മഴയെ തുടർന്ന് വിളവെടുപ്പ് കുറഞ്ഞതിനാൽ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളി കയറ്റുമതി ചെയ്യുന്നത് നിരോധനം ഏർപ്പെടുത്തിയത്. ഇത് അക്ഷാർത്ഥത്തിൽ ബംഗ്ലാദേശുകാരുടെ കണ്ണ് നനച്ചിരിക്കുകയാണ്. 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയിൽ നിന്ന് വരവ് നിലച്ചതിന് ശേഷം 260 ടാക്ക (220 രൂപ)യിലേക്കെത്തി.
ഇപ്പോൾ വിമാനം വഴിയാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നതെന്ന് ഷേഖ് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹസൻ ജാഹിദ് തുഷർ പറഞ്ഞു. വിഭവങ്ങളിൽ ഉള്ളിയുടെ ഉപയോഗം നിർത്തിവെക്കാൻ പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മ്യാന്മർ, തുർക്കി, ചൈന, ഈജിപ്ത് എന്നിവിടങ്ങളിലാണ് വിമാനം വഴി ബംഗ്ലാദേശിലേക്ക് ഇപ്പോൾ ഉള്ളി എത്തുന്നത്.
ചില മാർക്കറ്റുകളിൽ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലർക്കും ഉള്ളി ലഭിക്കുന്നത്. ചിലയിടങ്ങളിൽ ഇതിനെ ചൊല്ലി തർക്കവും പതിവായിരിക്കുന്നു. ഇതിനിടെ ബംഗ്ലാദേശിലെ പ്രതിപക്ഷ പാർട്ടികൾ ഇതൊരു രാഷ്ട്രീയ വിഷയമായും ഏറ്റെടുത്തിട്ടുണ്ട്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കി തിങ്കളാഴ്ച ദേശവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.

You might also like

Most Viewed