ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി വീണ്ടും അധികാരത്തിലേക്ക്


ലണ്ടൻ: ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി വീണ്ടും അധികാരത്തിലേക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ അമ്പതിനടുത്ത് അധിക സീറ്റുകളാണ് ഇത്തവണ കൺസർവേറ്റീവ് പാർട്ടി സ്വന്തമാക്കിയത്. ബോറിസ് ജോൺസൺ വീണ്ടും പ്രധാനമന്ത്രി കസേരയിലേക്ക് വരുന്നതോടെ യൂറോപ്യൻ യൂണിയനിൽ നിന്ന് 2020 ജനുവരി 31ന് തന്നെ ബ്രിട്ടൺ പുറത്ത് പോകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ ബോറിസ് ജോൺസണും ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും വിജയിച്ചെങ്കിലും ലിബറൽ ഡെമോക്രാറ്റിക് നേതാവ് ജോ സ്വിൻസണിന് പരാജയം രുചിക്കേണ്ടി വന്നു. 650 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 326 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം. 357 സീറ്റുകൾ വരെ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചിച്ചിരിക്കുന്നത്. തന്നിൽ വിശ്വാസമാർപ്പിച്ച ജനങ്ങൾക്ക് ബോറിസ് ജോൺസൺ നന്ദി പറഞ്ഞു. അതോടൊപ്പം ബ്രക്‌സിറ്റ് മാത്രമല്ല ജനക്ഷേമ പദ്ധതികളുമായും മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് പത്ത് മണിവരെ നീണ്ടുനിന്നിരുന്നു. 

You might also like

Most Viewed