ഇംപീച്ച് ചെയ്യുന്നത് അന്യായം; വൈകാരികമായി പ്രതികരിച്ച് യു.എസ് പ്രസിഡണ്ട് ട്രംപ്


വാഷിങ്ടൺ: ഒരു തെറ്റും ചെയ്യാത്ത തന്നെ ഇംപീച്ച് ചെയ്യുന്നത് ന്യായമല്ലെന്നും തന്റെ നേതൃത്വത്തിൽ രാജ്യം നല്ല രീതയിലാണ് മുന്നോട്ടു പോവുന്നതെന്നും യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച, പ്രസിഡണ്ടിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി ഭൂരിപക്ഷ വോട്ടോടെ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ വികാരനിർഭരമായ കുറിപ്പ് വന്നത്.

“ഞാനൊരു തെറ്റും ചെയ്യാത്തതിനാൽ തന്നെ എന്നെ ഇംപീച്ച് ചെയ്യുന്നത് ന്യായമല്ല. ഡെമോക്രാറ്റുകൾ വിദ്വേഷത്തിന്റെ പാർട്ടിയായി മാറിയിരിക്കുകയാണ്. അവർ നമ്മുടെ രാജ്യത്തിന് നല്ലതല്ല”, ട്രംപ് ട്വിറ്ററിൽ കുറിച്ചു. ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ രണ്ട് മണിക്കൂറിനിടെ 123 തവണയാണ് ട്രംപ് ട്വീറ്റ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട് യു.എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരേ ചുമത്തിയ കുറ്റങ്ങൾ ജുഡീഷ്യൽ സമിതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനെതിരേ അന്വേഷണം നടത്താൻ യുക്രൈനുമേൽ സമ്മർദം ചെലുത്തി അധികാര ദുർവിനിയോഗം നടത്തി, ഇംപീച്ച്മെന്റ് വിചാരണയിൽ സഹകരിക്കാതെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ സമിതി അംഗീകരിച്ചത്. 17−നെതിരേ 23 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇനി പ്രമേയത്തിന്മേൽ ജനപ്രതിനിധി സഭയിൽ അടുത്തയാഴ്ച വോട്ടെടുപ്പ് നടക്കും. പ്രതിനിധി സഭയിലും ഇംപീച്ച്മെന്റ് പ്രമേയം പാസായാൽ ഇത് പിന്നീട് സെനറ്റിൽ വിചാരണയ്ക്കെത്തും.

You might also like

Most Viewed